തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ വക്കീൽ നോട്ടീസ് ലഭിച്ചെന്ന് എ കെ ബാലൻ. ജമാഅത്തെ ഇസ്‌ലാമി നേതാക്കളുടെ വക്കീൽ നോട്ടീസ് തനിക്ക് ലഭിച്ചുവെന്നും എന്നാൽ ഒരു കാരണവശാലും മാപ്പ് പറയാൻ തയ്യാറല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.(Received the legal notice, will not apologize, says AK Balan)
ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ് തന്നെ ഭയപ്പെടുത്തില്ലെന്ന് എ.കെ. ബാലൻ. കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും നീതിപീഠം ജയിലിൽ പോകാനാണ് വിധിക്കുന്നതെങ്കിൽ അതിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
60 വർഷത്തെ പൊതുപ്രവർത്തനത്തിനിടയിൽ ഒരിക്കൽ പോലും മതനിരപേക്ഷതയിൽ നിന്ന് വ്യതിചലിച്ചിട്ടില്ല. ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടി എന്നും നിലകൊണ്ടിട്ടുള്ള ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. നോട്ടീസ് അയക്കുന്നതിന് മുൻപ് ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ 'മതരാഷ്ട്ര വാദം' ഉപേക്ഷിച്ചോ എന്ന് വ്യക്തമാക്കണം. ഇന്ത്യൻ ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും എതിരായ നിലപാടുകളെ വിമർശിക്കുന്നത് ഒരു പൊതുപ്രവർത്തകന്റെ കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. തനിക്ക് നോട്ടീസ് ലഭിക്കുന്നതിന് മുൻപേ അത് പരസ്യപ്പെടുത്തിയത് അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ബാലൻ കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത നിലപാടിനെ അദ്ദേഹം സ്വാഗതം ചെയ്തു. വർഗ്ഗീയതയ്‌ക്കെതിരായ ആശയപ്രചാരണം നടത്തുന്നത് കുറ്റകരമല്ലെന്ന് അദ്ദേഹം ആവർത്തിച്ചു. നോട്ടീസിലെ വിവരങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യം തനിക്കില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പോരാട്ടം രാഷ്ട്രീയമായും നിയമപരമായും തുടരുമെന്ന സൂചനയാണ് ബാലൻ നൽകുന്നത്.