തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേന്ദ്ര അവഗണന ആരോപിച്ച് മുഖ്യമന്ത്രി നടത്തുന്ന സമരം ജനശ്രദ്ധ തിരിക്കാനുള്ള അടവുമാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Ready for a public debate with the Chief Minister, Rajeev Chandrasekhar)
യുപിഎ സർക്കാരിന്റെ കാലത്ത് കേരളത്തിന് ലഭിച്ചത് 72,000 കോടി രൂപ മാത്രമായിരുന്നു. എന്നാൽ മോദി സർക്കാർ 3.2 ലക്ഷം കോടി രൂപ സംസ്ഥാനത്തിന് നൽകി. വസ്തുതകൾ ഇതായിരിക്കെ കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു എന്ന പ്രചാരണം ശുദ്ധ നുണയാണ്. പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ കടം മൂന്നിരട്ടിയായി വർദ്ധിച്ചു. വിലക്കയറ്റം 8.27 ശതമാനമായും തൊഴിലില്ലായ്മ 30 ശതമാനമായും ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 54 ലക്ഷം വീടുകളിൽ ഇന്നും കുടിവെള്ളമില്ല. 5.5 ലക്ഷം പേർ ഭവനരഹിതരായി തുടരുന്നു. വീണ്ടും കടമെടുത്ത് കേരളത്തെ തകർക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വൈകിയതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. നാല് മാസം മുമ്പ് നടക്കേണ്ട അറസ്റ്റായിരുന്നു ഇത്. രാഹുലിനെ രക്ഷിക്കാൻ കോൺഗ്രസും സിപിഎമ്മും തമ്മിൽ 'അന്തർധാര' നിലനിൽക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.