
മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത എക്കാലത്തെയും വലിയ ഹിറ്റ് ചിത്രം 'രാവണപ്രഭു'-വിൻ്റെ 4K അറ്റ്‌മോസ് പതിപ്പ് വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തി. 4K നിലവാരത്തിൽ റീസ്റ്റോർ ചെയ്ത ചിത്രം, നൂതന ദൃശ്യ-ശബ്ദ വിസ്മയത്തോടെ തിയേറ്ററിൽ അനുഭവിക്കാൻ സാധിക്കും. കേരളത്തിൽ 170-ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
ലാൽ ചിത്രങ്ങളുടെ റീ-റിലീസ് തരംഗം
നേരത്തേ തിയേറ്ററുകളിൽ റീ-റിലീസായെത്തിയ മറ്റ് മോഹൻലാൽ ചിത്രങ്ങൾക്കും വലിയ വരവേൽപ്പാണ് ലഭിച്ചത്. 'മണിച്ചിത്രത്താഴ്', 'ദേവദൂതൻ', 'ഛോട്ടാ മുംബൈ' എന്നീ ചിത്രങ്ങൾ ലാൽ ആരാധകർ തിയേറ്ററുകളിൽ വൻ ആഘോഷമാക്കി മാറ്റിയിരുന്നു. മുമ്പ് സിനിമ കണ്ടവരും, അന്ന് അവസരം നഷ്ടമായവരും ഒരുപോലെ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിയതോടെ പല ചിത്രങ്ങളും കളക്ഷനിൽ റെക്കോർഡിട്ടിരുന്നു.
റീ-റിലീസിന്റെ തലേദിവസം വ്യാഴാഴ്ച, എറണാകുളത്തെ കവിത തിയേറ്ററിൽ 'രാവണപ്രഭു 4K'യുടെ പ്രത്യേക പ്രദർശനം നടന്നു. ഇതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. പ്രായഭേദമന്യേയുള്ള ലാൽ ആരാധകർ ചിത്രത്തിലെ മാസ് ഡയലോഗുകളും ഡാൻസ് നമ്പറുകളും തിയേറ്ററിൽ കൊണ്ടാടി.
അണിയറ പ്രവർത്തകരും അഭിനേതാക്കളും
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4K അറ്റ്‌മോസിൽ തിയേറ്ററുകളിൽ എത്തിക്കുന്നത് മാറ്റിനി നൗ ആണ്.
മോഹൻലാൽ ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിൽ നെപ്പോളിയൻ, സിദ്ദിഖ്, രതീഷ്, സായ് കുമാർ, ഇന്നസെൻ്റ്, വസുന്ധരാ ദാസ്, രേവതി, ഭീമൻ രഘു, അഗസ്റ്റിൻ, രാമു, മണിയൻപിള്ള രാജു തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു.
സംഗീതം: സുരേഷ് പീറ്റേഴ്സ്, പശ്ചാത്തലസംഗീതം: രാജാമണി, ഛായാഗ്രഹണം: പി. സുകുമാർ, എഡിറ്റിങ്: രഞ്ജൻ എബ്രഹാം