

തലച്ചോറിലെ പ്രധാന രക്തക്കുഴലുകളിലൊന്നിൽ അന്യൂറിസവും അതേ രക്തക്കുഴൽ ക്രമാതീതമായി ചുരുങ്ങുകയും ചെയ്ത ഗുരുതരാവസ്ഥയിലായിരുന്ന 73 വയസ്സുകാരനിൽ, അതിനൂതനമായ ചികിത്സാരീതി വിജയകരമാക്കി തിരുവനന്തപുരം കിംസ്‌ഹെൽത്ത്.
കടുത്ത തലവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നിരവധി ആശുപത്രികളിൽ ചികിത്സ തേടിയിട്ടും ഫലമുണ്ടാകാത്തതിനാലാണ് ആന്ധ്രാപ്രദേശ് സ്വദേശി കിംസ്‌ഹെൽത്തിലെത്തുന്നത്. രോഗിയിൽ നടത്തിയ അത്യാധുനിക ഡിജിറ്റൽ സബ്ട്രാക്ഷൻ ആൻജിയോഗ്രാം പരിശോധനയിൽ തലച്ചോറിലേക്ക് രക്തവും ഓക്സിജനും എത്തിക്കുന്ന പ്രധാന രക്തധമനിയിൽ അന്യൂറിസവും, മറ്റൊരു ഭാഗം ക്രമാതീതമായി ചുരുങ്ങിയതായും കണ്ടെത്തുകയുമായിരുന്നു. തലച്ചോറിലെ രക്തധമനികളിൽ അസാധാരണമാംവിധം വീക്കമുണ്ടാകുന്ന അവസ്ഥയാണ് അന്യൂറിസം.
അന്യൂറിസം പൊട്ടുന്നതും തലച്ചോറിലേക്ക് ഓക്സിജൻ അടങ്ങിയ ശുദ്ധരക്തം എത്താതിരിക്കുന്നതും സ്ട്രോക്കിലേക്ക് അതിവേഗം നയിക്കാമെന്നതിനാൽ, ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ക്ലിനിക്കൽ ലീഡുമായ ഡോ. സന്തോഷ് ജോസഫിന്റെ നേതൃത്വത്തിൽ രക്തധമനി ചുരുങ്ങിയ ഭാഗം പൂർവസ്ഥിതിയിലാക്കാൻ സ്റ്റെന്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അരയ്ക്ക് താഴെയായി ഗ്രോയിനിൽ ചെറിയ മുറിവുണ്ടാക്കി രക്തധമനിയിലൂടെ കത്തീറ്റർ ഉപയോഗിച്ച് സ്റ്റെന്റ് സ്ഥാപിച്ച് രക്തക്കുഴൽ പൂർവസ്ഥിതിയിലാക്കുകയും രക്തയോട്ടം പുനഃസ്ഥാപിക്കുകയും ചെയ്തു.
തുടർന്ന്, സ്വയം-വികസിക്കുന്ന മെഷ് ബോൾ ഇംപ്ലാന്റ് അടങ്ങിയ ഇൻട്രാസാക്കുലാർ ഫ്ലോ ഡൈവേർട്ടർ (വെബ് സിസ്റ്റം) തലച്ചോറിൽ അന്യൂറിസം ബാധിച്ച രക്തധമനിക്കുള്ളിൽ സ്ഥാപിച്ചു. അതുവഴി അന്യൂറിസത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും രക്തക്കുഴലിനുള്ളിൽത്തന്നെ രക്തയോട്ടം നിലനിർത്തുകയും ചെയ്യുന്നു.
ഈ രണ്ട് രോഗാവസ്ഥകളും ഒരുമിച്ച് വരുന്നത് അപൂർവമാണെന്നും, ഇത് സ്ട്രോക്കിലേക്കുള്ള സാധ്യത ഇരട്ടിയാക്കിയെന്നും ഡോ. സന്തോഷ് ജോസഫ് പറഞ്ഞു. "തലച്ചോറിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിച്ച് അന്യൂറിസം ഫലപ്രദമായി ചികിത്സിച്ചതിനാൽ കൂടുതൽ സങ്കീർണ്ണതകൾ ഒഴിവാക്കാൻ സാധിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ചു മണിക്കൂർ നീണ്ടുനിന്ന ഈ നൂതന ചികിത്സയിൽ ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മനീഷ് കുമാർ യാദവ്, ഇമേജിംഗ് & ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് & ചീഫ് കോർഡിനേറ്റർ ഡോ. മാധവൻ ഉണ്ണി, ന്യൂറോ അനസ്തേഷ്യ വിഭാഗം ഡോ. ശരത് സുരേന്ദ്രൻ, ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിലെ ഡോ. മുഹമ്മദ് അജ്മൽ, ഡോ. ദിവാകർ എൻ എന്നിവരും ഭാഗമായി.