
കൊച്ചി: റാപ്പര്‍ വേടന്റെ മാലയിലുണ്ടായിരുന്നത് പുലിപ്പല്ലെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മാലയിലേത് പുലിപ്പല്ലാണെന്ന് ഉറപ്പിച്ചത്. ഇതോടെ വനംവകുപ്പ് വേടനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.കോടനാട് നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്.
അതിനിടെ, വേടന്റെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ ഒരു വടിവാളും വാക്കത്തിയും പോലീസ് കണ്ടെടുത്തു. ഇതും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് വേടന്റെ ഫ്‌ളാറ്റില്‍ എറണാകുളം ഹില്‍പാലസ് പോലീസ് നടത്തിയ പരിശോധനയില്‍ ആറുഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് ഫ്‌ളാറ്റില്‍ എത്തിയപ്പോള്‍ ഇവിടെ വേടന്‍ ഉള്‍പ്പെടെ ഒമ്പതുപേരുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത വേടന്‍ കഞ്ചാവ് ഉപയോഗിച്ചതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
അതെസമയം, പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങള്‍ വേടനോട് പ്രതികരണം തേടിയെങ്കിലും 'എല്ലാം പറയാം, എല്ലാം പറയാം, വരട്ടെ' എന്നായിരുന്നു മറുപടി.