
തൃശൂർ: ഗായകൻ ഹിരൺദാസ് മുരളി എന്ന റാപ്പർ വേടന്റെ ഫോൺ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡനക്കുറ്റം ചുമത്തി തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തിരുന്നു. എന്നാൽ, വേടൻ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച വേടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകിയിട്ടുണ്ട്. ഹർജി 18നു കോടതി പരിഗണിക്കും.
വിവാഹ വാഗ്ദാനം നൽകി നിരന്തരം പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. 10 വർഷം കഠിനതടവു മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് 376 പ്രകാരമുള്ള പീഡനക്കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വിവാഹം കഴിക്കുമെന്നു വിശ്വസിപ്പിച്ചു 2021 ആഗസ്റ്റ് ഒന്നിനും 2023 മാർച്ച് 31നും ഇടയിൽ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തതായി പരാതിക്കാരി മൊഴി നൽകി. മറ്റു യുവതികളുമായുള്ള അടുപ്പത്തിനു തടസ്സമാണെന്നു പറഞ്ഞാണ് തന്നെ ഒഴിവാക്കിയതെന്നും മാനസികമായി തകർന്ന താൻ തൊഴിൽ ചെയ്യാനും സാധാരണ ജീവിതം നയിക്കാനും സാധിക്കാത്ത നിലയിലാണെന്നും മൊഴിയിൽ പറയുന്നു. കോഴിക്കോട്ട് മെഡിക്കൽ കോളജിൽ പിജിക്കു പഠിക്കുമ്പോൾ 2021ൽ സമൂഹമാധ്യമം വഴിയാണു വേടനെ പരിചയപ്പെട്ടത്. കോഴിക്കോട് കോവൂർ റോഡിലെ ഫ്ലാറ്റിലെത്തിയ വേടൻ ബലം പ്രയോഗിച്ചു പീഡിപ്പിച്ചെങ്കിലും വിവാഹം കഴിക്കുമെന്ന് ഉറപ്പു നൽകി സ്നേഹത്തോടെയും കരുതലോടെയും പെരുമാറിയെന്നും ബന്ധം തുടർന്നതായും നാലു വട്ടം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും യുവതി മൊഴി നൽകി.