കൊച്ചി : ബലാത്സംഗ കേസിൽ ഒളിവിലുള്ള റാപ്പർ വേടൻ എന്ന ഹിരണ്‍ദാസ് മുരളിയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. തിങ്കളാഴ്ച വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ തിങ്കളാഴ്ച ഹാജരാക്കണമെന്നും മറ്റൊരു ദിവസം അതിനായി നല്‍കാനാവില്ലെന്നും കോടതി പരാതിക്കാരിയുടെ അഭിഭാഷകയോട് കോടതി പറഞ്ഞു.
യുവഡോക്ടറുടെ പരാതിയിൽ വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം.വിവാഹ വാഗ്ദാനം നല്‍കി എന്നതുകൊണ്ടു മാത്രം ബലാത്സംഗക്കുറ്റം നിലനില്‍ക്കണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇതിനിടെ, പരാതിക്കാരിയുടെ വിഷാദരോഗം സംബന്ധിച്ചും വാദങ്ങൾ ഉയർന്നു. എന്നാൽ ബന്ധം തകർന്നതും വിഷാദരോഗത്തിന് കാരണമാകാം എന്നല്ലാതെ, അതു മാത്രമാകണം കാരണം എന്നില്ലെന്നും വ്യക്തികൾക്കനുസരിച്ച് ഇക്കാര്യം വ്യത്യാസപ്പെട്ടിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.ഇന്നലെയാണ് വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്. ഇന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുംവരെയായിരുന്നു കോടതി വേടന്റെ അറസ്റ്റ് തടഞ്ഞത്.