രാഹുലിൻ്റെ MLA സ്ഥാനം തെറിക്കുമോ? : അയോഗ്യതാ നടപടികൾ സങ്കീർണ്ണമാകാൻ സാധ്യത; അറസ്റ്റ് വിവരങ്ങൾ സ്പീക്കറെ അറിയിച്ചു, നിർണ്ണായകമായി എത്തിക്‌സ് കമ്മിറ്റി | Rahul Mamkootathil

അച്ചടക്ക നടപടികൾ വേഗത്തിലായേക്കും.
Rape case and arrest, Will Rahul Mamkootathil lose his MLA post?
Updated on

തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ നിയമസഭാംഗത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നു. രാഹുലിനെ അയോഗ്യനാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സങ്കീർണ്ണമാണെങ്കിലും നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്നുള്ള നിയമോപദേശം ഇതിൽ നിർണ്ണായകമാകും. രാഹുലിന് പാർട്ടിയുമായി ബന്ധമില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെ അച്ചടക്ക നടപടികൾ വേഗത്തിലായേക്കും.(Rape case and arrest, Will Rahul Mamkootathil lose his MLA post?)

ഒരു എംഎൽഎയെ സഭയിൽ നിന്ന് പുറത്താക്കുന്നതിന് കൃത്യമായ നടപടിക്രമങ്ങളുണ്ട്. എംഎൽഎ അറസ്റ്റിലായ വിവരം പോലീസ് സ്പീക്കറെ ഔദ്യോഗികമായി അറിയിച്ചു. തുടർച്ചയായി കേസുകളിൽ പ്രതിയാക്കപ്പെടുന്ന അംഗത്തിനെതിരെ അച്ചടക്ക നടപടി വേണോ എന്ന് പരിശോധിക്കാൻ സ്പീക്കർക്ക് എത്തിക്‌സ് കമ്മിറ്റിയെ ചുമതലപ്പെടുത്താം. രാഹുലിന്റെ കാര്യത്തിൽ സമിതി തീരുമാനമെടുക്കുമെന്ന് സ്പീക്കർ എ.എൻ ഷംസീർ വ്യക്തമാക്കിയിട്ടുണ്ട്.

സമിതി പരാതിക്കാരിൽ നിന്ന് തെളിവെടുപ്പ് നടത്തി റിപ്പോർട്ട് സഭയിൽ സമർപ്പിക്കും. റിപ്പോർട്ടിലെ ശിപാർശ പ്രകാരം മുഖ്യമന്ത്രി സഭയിൽ പ്രമേയം കൊണ്ടുവരണം. താക്കീത്, സസ്‌പെൻഷൻ അല്ലെങ്കിൽ പുറത്താക്കൽ എന്നിവയിലൊന്നായിരിക്കും ശിപാർശ. മുഖ്യമന്ത്രിയുടെ പ്രമേയം സഭ വോട്ടിനിട്ട് അംഗീകരിച്ചാൽ നടപടി പ്രാബല്യത്തിൽ വരും.

ഗുരുതരമായ ലൈംഗികാരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ രാഹുലിനെ സഭയിൽ നിന്ന് പുറത്താക്കാൻ ശിപാർശയുണ്ടാകാൻ സാധ്യതയേറെയാണ്. ഇത്തരത്തിൽ പുറത്താക്കപ്പെട്ടാൽ, ഈ രീതിയിൽ അംഗത്വം നഷ്ടമാകുന്ന കേരള നിയമസഭയിലെ ആദ്യ എംഎൽഎ ആയി രാഹുൽ മാങ്കൂട്ടത്തിൽ മാറും.

മുരളി പെരുനെല്ലി അധ്യക്ഷനായ സമിതിയിൽ ഭരണപക്ഷത്തിന് വ്യക്തമായ മേധാവിത്വമുണ്ട്. എം.വി. ഗോവിന്ദൻ, ടി.പി. രാമകൃഷ്ണൻ, കെ.കെ. ശൈലജ, എച്ച്. സലാം, പി. ബാലചന്ദ്രൻ, മാത്യു ടി. തോമസ് എന്നിവർ ഭരണപക്ഷത്ത് നിന്നും, റോജി എം. ജോൺ, യു.എ. ലത്തീഫ് എന്നിവർ പ്രതിപക്ഷത്ത് നിന്നും കമ്മിറ്റിയിലുണ്ട്.ജനുവരി 20-ന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ, നടപടികൾ വേഗത്തിലാക്കാൻ സർക്കാർ ശ്രമിച്ചേക്കും.

Related Stories

No stories found.
Times Kerala
timeskerala.com