പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ റാന്നി മണ്ഡലത്തിൽ പോളിങ് ശതമാനം കുറഞ്ഞതിൽ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായണനെതിരേ വിമർശനവുമായി സിപിഎം ജില്ലാ കമ്മിറ്റിയംഗം റോഷൻ റോയ് മാത്യു (Ranni Constituency Polling Low). മണ്ഡലത്തിന് പുറത്തുള്ളവർ സ്ഥാനാർഥികളായതാണ് വോട്ടർമാരുടെ താല്പര്യക്കുറവിന് പ്രധാന കാരണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു. പി.എസ്.സി മുൻ അംഗം കൂടിയാണ് റോഷൻ റോയ്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളിലൊന്നാണ് റാന്നി (68.98%). പോളിങ് കുറയാനുള്ള ഏഴ് കാരണങ്ങൾ നിരത്തിക്കൊണ്ടാണ് റോഷൻ റോയിയുടെ പോസ്റ്റ്. ശക്തമായ രാഷ്ട്രീയ മത്സരത്തിന്റെ അഭാവം, സ്ഥാനാർഥികളോടുള്ള താല്പര്യക്കുറവ്, റാന്നിക്കാരല്ലാത്ത സ്ഥാനാർഥികൾ എന്നിവ അദ്ദേഹം പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു. കൂടാതെ മണ്ഡലത്തിലെ ഗതാഗത അസൗകര്യങ്ങളും തിരഞ്ഞെടുപ്പ് സംവിധാനത്തോടുള്ള വിരക്തിയും പോളിങ്ങിനെ ബാധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
മുന്നണിക്കുള്ളിൽ നിന്ന് തന്നെ സ്ഥാനാർഥിക്കെതിരേ പരസ്യവിമർശനം ഉയർന്നത് എൽഡിഎഫ് കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. കേരള കോൺഗ്രസ് (എം) പ്രതിനിധിയായ പ്രമോദ് നാരായണന്റെ സിറ്റിങ് സീറ്റിൽ ഇത്തവണ പോളിങ് കുറഞ്ഞത് വിജയസാധ്യതയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പ്രവർത്തകർ. എന്നാൽ രാഷ്ട്രീയ ചോദ്യങ്ങളോട് ഔദ്യോഗികമായി പ്രതികരിക്കാൻ സിപിഎം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.
Summary: CPM Pathanamthitta district committee member Roshan Roy Mathew criticized LDF candidate Pramod Narayan for the low voter turnout in the Ranni constituency. In a Facebook post, Roshan pointed out that having candidates from outside the constituency is a major reason for the low polling percentage of 68.98%. He listed seven reasons for the decline, including a lack of political competition and dissatisfaction with the candidates. This internal criticism within the LDF has sparked a debate following the elections.

