
തിരുവനന്തപുരം: വരാനിരിക്കുന്ന രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇത്തവണ വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീൻ ആണ് കേരള ടീമിനെ നയിക്കുക. ബാബ അപരാജിത് ആണ് വൈസ് ക്യാപ്റ്റൻ.
കഴിഞ്ഞ സീസണിൽ കേരളത്തെ നയിച്ച സച്ചിൻ ബേബിയും ടീമിലുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഇടംനേടിയ മലയാളി താരം സഞ്ജു സാംസണെയും രഞ്ജി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ തിളങ്ങിയ സൽമാൻ നിസാർ, അഹമദ് ഇമ്രാൻ എന്നിവരും ടീമിലുണ്ട്. കഴിഞ്ഞ സീസണിലും സൽമാൻ നിസാർ കേരളത്തിനായി രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
കഴിഞ്ഞ സീസണിലെ പ്രകടനം
കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫിയുടെ റണ്ണറപ്പുകളാണ് കേരളം. കഴിഞ്ഞ സീസണിലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തി ചരിത്രനേട്ടം കുറിച്ചത്. എന്നാൽ, ഫൈനലിൽ വിദർഭയ്ക്ക് മുന്നിൽ കിരീടം കൈവിട്ടു. ഇത്തവണ കിരീടം നേടാനുറച്ചാണ് കേരള ടീം ഇറങ്ങുന്നത്.
ബാബ അപരാജിതും അങ്കിത് ശർമ്മയുമാണ് ടീമിലെ മറുനാടൻ താരങ്ങൾ.
രഞ്ജി ട്രോഫിക്കുള്ള കേരള ടീം:
ക്യാപ്റ്റൻ: മുഹമ്മദ് അസറുദ്ദീൻ
വൈസ് ക്യാപ്റ്റൻ: ബാബ അപരാജിത്
മറ്റ് അംഗങ്ങൾ: സഞ്ജു സാംസൺ, രോഹൻ എസ്. കുന്നുമ്മൽ, വത്സൽ ഗോവിന്ദ് ശർമ്മ, അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി, സൽമാൻ നിസാർ, അങ്കിത് ശർമ, എം.ഡി. നിധീഷ്, എൻ.പി. ബേസിൽ, ഏദൻ ആപ്പിൾ ടോം, അഹമദ് ഇമ്രാൻ, ഷോൺ റോജർ, അഭിഷേക് പി. നായർ.