കോഴിക്കോട് :പാർട്ടിയുടെ ഉന്നത പദവിയിലേക്ക് നിയമിച്ചതിന് കോൺഗ്രസിന് നന്ദി പറഞ്ഞ് രമ്യ ഹരിദാസ്. "മറ്റേത് പാർട്ടിക്ക് കഴിയും ഇതുപോലെയൊന്ന്...എന്റെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അല്ലാതെ..." എന്നാണ് അവർ പറഞ്ഞത്. കുട്ടിക്കാലത്ത് കളിച്ചു വളരുന്ന പ്രായത്തിൽ തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂവർണക്കൊടി കണ്ടുകൊണ്ടാണ് താൻ വളരുന്നത് എന്നും, അമ്മയുടെ കൈപിടിച്ച് കോൺഗ്രസിന്റെ പൊതുയോഗങ്ങൾ കാണാൻ പോയത് സ്വപ്നം പോലെയാണ് എങ്കിലും ഇന്നും ഓർമ്മയിലുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.(Ramya Haridas thanks Congress)
പഠനകാലം മുതൽ കെ എസ് യുവിന്റെ നീല പതാകയായിരുന്നു മനസ്സിലും കൈകളിലും എന്നും, യൂത്ത് കോൺഗ്രസിന്റെ ബൂത്ത് , മണ്ഡലം, നിയോജക മണ്ഡലം തലം സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് എന്നും പറഞ്ഞ അവർ, ആദ്യമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിലൂടെ യൂത്ത് കോൺഗ്രസ് പുന സംഘടിപ്പിച്ചപ്പോൾ കോഴിക്കോട് പാർലമെന്റ് മണ്ഡലം ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നും ഓർമ്മിക്കുന്നു.
തന്നിൽ വിശ്വാസമർപ്പിച്ച് പാർട്ടിയുടെ ഉന്നത പദവിയിലേക്ക് നിയമിച്ചതിൽ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി യോടും കെപിസിസി നേതൃത്വത്തോടും നന്ദിയും കടപ്പാടും അവർ രേഖപ്പെടുത്തി.