തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് തള്ളിക്കൊണ്ട് രമേശ് ചെന്നിത്തല. ഡി. മണിക്ക് പങ്കില്ലെങ്കിൽ ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണ്ണം ഇപ്പോൾ എവിടെയാണെന്ന് എസ്‌ഐടി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(Ramesh Chennithala opposes SIT's clean chit to D Man in Sabarimala gold theft case)
പ്രവാസി വ്യവസായി നൽകിയ കൃത്യമായ വിവരങ്ങളാണ് താൻ പുറത്തുവിട്ടത്. ആ വ്യവസായി ഇപ്പോഴും തന്റെ മൊഴിയിൽ ഉറച്ചുനിൽക്കുകയാണ്. ഇന്ന് രാവിലെയും താൻ അദ്ദേഹത്തോട് സംസാരിച്ചുവെന്നും ചെന്നിത്തല വ്യക്തമാക്കി.
എസ്‌ഐടിയുടെ വിശ്വാസ്യതയെ ചെന്നിത്തല ചോദ്യം ചെയ്തു. സിപിഎം അനുകൂലികളായ രണ്ട് പോലീസ് അസോസിയേഷൻ നേതാക്കളെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കേസ് അട്ടിമറിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
സ്വർണ്ണം കൊണ്ടുപോയത് ഡി. മണി അല്ലായെങ്കിൽ പിന്നെ ആരാണ് കൊണ്ടുപോയത്? സ്വർണ്ണം കണ്ടുപിടിക്കാതെ ചിലരെ വെള്ളപൂശാനാണ് എസ്‌ഐടി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കെസിബിസി സിനഡിൽ പങ്കെടുത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി.
"പ്രതിപക്ഷ നേതാവ് സിനഡിൽ പോയത് തെറ്റല്ല. മുൻപ് ഉമ്മൻചാണ്ടിയും ഞാനും ഉൾപ്പെടെയുള്ളവർ ഇത്തരം ചടങ്ങുകളിൽ പോയിട്ടുണ്ട്. പോകുന്ന കാര്യം അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു," ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ശബരിമല വിഷയത്തിൽ എസ്‌ഐടി റിപ്പോർട്ട് രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.