പത്തനംതിട്ട : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി. വിശ്വാസം ഇല്ലാത്തവർ അധികാരത്തിൽ കയറിയതിൻ്റെ പ്രശ്നമാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. കാണിക്ക പോലും അടിച്ചു മാറ്റുന്നുവെന്ന് വിമർശിച്ച അദ്ദേഹം, വിജയ് മല്യ കൊടുത്ത കൊടുത്ത സ്വർണ്ണം എങ്ങനെ ചെമ്പായെന്നും ചോദിച്ചു. (Ramesh Chennithala on Sabarimala gold case)
എന്ത് കൊണ്ടാണ് രേഖകൾ പുറത്ത് വിടാത്തതെന്നും, അവ തിരുത്തിയത് ആരാണെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. വ്യാപക പണപ്പിരിവ് നടത്താൻ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ആരാണ് അധികാരം കൊടുത്തതെന്നും, ദേവസ്വം ബോർഡ് അറിയാതെ എങ്കില്‍ ഇതുവരെ എന്ത് കൊണ്ട് കേസ് എടുക്കുന്നില്ല എന്നും ചോദിച്ച ചെന്നിത്തല, ദേവസ്വം മാനുവൽ ലംഘിച്ച് എങ്ങനെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുമതി കൊടുത്തുവെന്നും ആരാഞ്ഞു.
എന്ത് കൊണ്ടാണ് നാലു കിലോ തൂക്കവ്യത്യാസം വന്നതെന്നും, സ്വർണ്ണപ്പീഠം കാണാതെ പോയിട്ട് എന്ത് കൊണ്ട് ഇതുവരെ പരാതി കൊടുത്തില്ല എന്നും ചെന്നിത്തല സംശയം പ്രകടിപ്പിച്ചു. ദേവസ്വം ബോർഡ് പിരിച്ചുവിടണം എന്ന് പറഞ്ഞ അദ്ദേഹം, ആഗോള അയ്യപ്പ സംഗമം നടത്തിയത് ഇത്തരം കള്ളത്തരങ്ങൾ മറച്ചുവയ്ക്കാൻ വേണ്ടിയാണെന്നും ആരോപിച്ചു.