

കോട്ടയം: എൻ.എസ്.എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷ വേദിയിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി അവഗണിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. സദസ്സിലുണ്ടായിരുന്ന രാഹുൽ എഴുന്നേറ്റ് നിന്നിട്ടും കണ്ടഭാവം നടിക്കാതെ ചെന്നിത്തല കടന്നുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ലൈംഗികാരോപണക്കേസുകളിൽ പ്രതിയായ രാഹുലിനെതിരെ പാർട്ടിയിൽ ഒരു വിഭാഗം നേതാക്കൾക്കിടയിലുള്ള അതൃപ്തിയാണ് ഇതിലൂടെ പുറത്തുവരുന്നത്.
ചടങ്ങിലേക്ക് എത്തിയ രമേശ് ചെന്നിത്തലയെ കണ്ട് രാഹുൽ ബഹുമാനപുരസ്സരം എഴുന്നേറ്റ് നിന്നെങ്കിലും, മറ്റു നേതാക്കളെ അഭിവാദ്യം ചെയ്ത ചെന്നിത്തല രാഹുലിനെ ഗൗനിക്കാതെ നടന്നുനീങ്ങി. പി.ജെ. കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർക്കൊപ്പമാണ് രാഹുൽ ഇരുന്നിരുന്നത്.
ഇതിനിടെ , രാഹുലിന് സീറ്റ് നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി പി.ജെ. കുര്യൻ പിന്നീട് രംഗത്തെത്തി. താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി പ്രചരിപ്പിക്കപ്പെട്ടതാണെന്നും, ആര് മത്സരിച്ചാലും ജയിക്കുമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, അച്ചടക്ക നടപടി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ കടുത്ത ഭിന്നത നിലനിൽക്കുന്നുണ്ടെന്നതിന്റെ തെളിവാണ് പെരുന്നയിലെ ദൃശ്യങ്ങൾ. യുവനേതാവിനെതിരെ ഉയർന്ന ആരോപണങ്ങളിൽ മുതിർന്ന നേതാക്കൾക്ക് കടുത്ത വിയോജിപ്പുണ്ടെന്നാണ് ചെന്നിത്തലയുടെ നീക്കം സൂചിപ്പിക്കുന്നത്.