തിരുവനന്തപുരം : സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.കോണ്‍ഗ്രസിന്റെ നേതാക്കളെ ആക്രമിക്കാം എന്ന് സിപിഎമ്മിന്റെ ഗുണ്ടകള്‍ കരുതുന്നുണ്ടെങ്കില്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഗുണ്ടായിസം കാട്ടി ഭയപ്പെടുത്താമെന്ന് ആരും കരുതണ്ട. കോണ്‍ഗ്രസിന്റെ ജനപ്രതിനിധികളെ ഭീഷണിപ്പെടുത്താമെന്നും ഒരാളും കരുതണ്ട. തെരുവ് യുദ്ധം ആരംഭിക്കാന്‍ ശ്രമിച്ചാല്‍ കനത്ത വില കൊടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.
കോണ്‍ഗ്രസ് അക്രമ രാഷ്ട്രീയത്തിന് എതിരാണ്. പക്ഷേ അത് ദൗര്‍ബല്യമായി ആരും കാണണ്ട. അടിച്ചാല്‍ തിരിച്ചടിക്കാന്‍ ശേഷിയുള്ളവര്‍ തന്നെയാണ് ഞങ്ങള്‍. സിപിഎമ്മിന്റെ ഗുണ്ടാ സംഘത്തെ നിലയ്ക്ക് നിര്‍ത്താന്‍ പാര്‍ട്ടി അടിയന്തര നടപടികള്‍ എടുക്കണമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേ സമയം , ഷാഫി പറമ്പിൽ എംപിയുടെ കാർ ഡിവൈഎഫ്ഐ പ്രവർത്തകർ വടകരയിൽ വെച്ച് തടഞ്ഞിരുന്നു. ഡിവൈഎഫ്ഐയുടെ കൊടിയേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകർ വാഹനം തടഞ്ഞതോടെ ഷാഫി കാറിൽ നിന്ന് പുറത്തിറങ്ങി. ഡിവൈഎഫ്ഐ പ്രവർത്തകരുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു.
പൊലീസ് സുരക്ഷയോടെയായിരുന്നു ഷാഫിയുടെ യാത്ര. പുറത്തിറങ്ങിയ ഷാഫിയേയും പൊലീസ് തടഞ്ഞു. എന്നാൽ തനിക്കെതിരെ അസഭ്യവർഷം നടത്തേണ്ടന്നും പ്രതിഷേധം ആകാമെന്നുമായിരുന്നു ഷാഫിയുടെ പ്രതികരണം. സമരം നടത്തിക്കോട്ടെ, പക്ഷേ അനാവശ്യം പറയരുത്. സമരക്കാർക്ക് പരിക്ക് പറ്റരുതെന്നും വാഹനം നിർത്താനും താൻ പൊലീസിനോട് പറഞ്ഞു.
സമരത്തിൻ്റെ പേരിൽ ആഭാസത്തരം പറയരുത്. നായ, പട്ടിയെന്നൊക്കെ വിളിച്ചാൽ കേട്ടുനിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പേടിച്ച് വടകര അങ്ങാടിയിൽ നിന്നും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പത്തുമിനിറ്റോളം ഇരുകൂട്ടരും തമ്മിൽ തർക്കം നിലനിന്നു. പിന്നീട് ഷാഫി പറമ്പിൽ എംപി കാറിൽ കയറി പോവുകയായിരുന്നു.