
കണ്ണൂർ : കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എ കെ ആൻ്റണിയെ പിന്തുണച്ച് രംഗത്തെത്തി. അദ്ദേഹം മുത്തങ്ങ, ശിവഗിരി വിഷയങ്ങളിൽ വാർത്ത സമ്മേളനം നടത്തി പ്രതികരിച്ചത് കൂടുതൽ കാര്യങ്ങൾ അറിയാവുന്നതിനാലാണ് എന്നാണ് ചെന്നിത്തല പറഞ്ഞത്. (Ramesh Chennithala against Police)
മുഖ്യമന്ത്രിയുടെ പരാമർശത്തെ പ്രതിരോധിക്കുന്നതിലോ പൊലീസുമായി ബന്ധപ്പെട്ട വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിലോ വീഴ്ച ഉണ്ടായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന് കുറഞ്ഞ സമയമാണ് ലഭിക്കുന്നതെന്നും, മുഖ്യമന്ത്രി അവസാനമാണ് പ്രസംഗിക്കുന്നത് എന്നും പറഞ്ഞ അദ്ദേഹം, അതിന് ശേഷം ആർക്കും അവസരമില്ല എന്നും ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നുവെന്നും, 144 പൊലീസുകാരെ പിരിച്ചുവിട്ടുവെന്ന് പറഞ്ഞത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 61 പേരെ പിരിച്ചുവിട്ടുവെന്നും, ഇപ്പോൾ പോലീസ് സ്റ്റേഷനിലേക്ക് നടന്നു പോകുന്നവർ മൂക്കിൽ പഞ്ഞി വച്ച് തിരികെ വരുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.