തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ യഥാർത്ഥ പ്രതികൾ രാഷ്ട്രീയ സംരക്ഷണത്തിൽ സ്വൈര്യവിഹാരം നടത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്താരാഷ്ട്ര വിപണിയിൽ 500 കോടിയിലധികം വിലമതിക്കുന്ന തൊണ്ടിമുതലുകൾ എവിടെപ്പോയെന്ന് പോലും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Ramesh Chennithala about Sabarimala gold theft case accused)
ശബരിമലയിലെ സ്വർണ്ണം പുരാവസ്തുവാക്കി വിദേശ വിപണിയിൽ വിൽക്കാനാണ് നീക്കം നടന്നത്. ഇതിന് പിന്നിൽ വലിയൊരു പുരാവസ്തു കള്ളക്കടത്ത് മാഫിയയുണ്ട്. കേസിൽ വൻ സ്രാവുകളെ പിടികൂടാൻ എസ്‌ഐടി തയ്യാറാകണം. കുറ്റക്കാരായ നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ സിപിഐഎം തയ്യാറാകുന്നില്ല. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികളെ സംരക്ഷിക്കുകയാണ്. പല സത്യങ്ങളും പുറത്തു പറയുമെന്ന് പേടിച്ചാണ് പാർട്ടി പ്രതികളെ ഭയപ്പെടുന്നത്.
കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിക്കേണ്ട സാഹചര്യമില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. അവർ നിലവിൽ മറ്റൊരു മുന്നണിയുടെ ഭാഗമാണ്. അവരെ മുന്നണിയിലേക്ക് ക്ഷണിക്കുന്നത് രാഷ്ട്രീയമായി ശരിയല്ല. ഇനി അവർക്ക് യുഡിഎഫിലേക്ക് വരാൻ താല്പര്യമുണ്ടെങ്കിൽ അപ്പോൾ മാത്രം അക്കാര്യം ആലോചിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.