തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വേണുവിന്റെ കുടുംബത്തിന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ സഹായം. വേണുവിന്റെ ഭാര്യയ്ക്കും മക്കൾക്കുമായി 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഇൻഷുറൻസിന്റെ പ്രീമിയം തുക പൂർണമായും രമേശ് ചെന്നിത്തല തന്നെ അടയ്ക്കും. വേണുവിന്റെ കുടുംബത്തിന് ഭാവിയിൽ ചികിത്സാ നിഷേധം ഉണ്ടാകാതിരിക്കാനാണ് ഈ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. (Ramesh Chennithala)
വേണുവിന്റെ കുടുംബത്തെ ഇന്നലെ സന്ദർശിച്ച രമേശ് ചെന്നിത്തല, സംസ്ഥാന സർക്കാരിനും ആരോഗ്യ മന്ത്രിക്കുമെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. സർക്കാർ മെഡിക്കൽ കോളേജുകളിലെല്ലാം പരിതാപകരമായ അവസ്ഥയാണെന്നും, ആരോഗ്യ മന്ത്രി ആ സ്ഥാനത്ത് തുടരാൻ യോഗ്യയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ ഗതികെട്ട ആരോഗ്യ വകുപ്പിനെ വേറെ കണ്ടിട്ടില്ലെന്നും, സർക്കാർ അന്വേഷണം നടത്തണമെന്നും കുടുംബത്തെ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചികിത്സ നിഷേധിച്ചവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നും, ഒരു നല്ല ഡോക്ടർ പോലും വേണുവിനെ കണ്ടിട്ടില്ലെന്നും പാവപ്പെട്ടവർക്ക് നീതിയില്ലെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കുമെന്നും, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടർമാർ മൊഴി നൽകിയതെന്നും വാർത്തയുണ്ട്.