ആഗോള അയ്യപ്പ സംഗമത്തെ രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നു ; മന്ത്രി വി ശിവൻകുട്ടി |v sivankutty

ആഗോള അയ്യപ്പസംഗമം വിശ്വാസികളുടെ ഒരുമയെ വിളിച്ചോതുന്ന പരിപാടിയാണ്.
v sivankutty
Published on

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തെ രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് വിശ്വാസികളെ അപമാനിക്കലാണെന്ന് മന്ത്രി വി ശിവൻകുട്ടി.ആഗോള അയ്യപ്പസംഗമം വിശ്വാസികളുടെ ഒരുമയെ വിളിച്ചോതുന്ന പരിപാടിയാണ്. ‘തത്വമസി’ എന്ന ദർശനത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ടുകൊണ്ട്, ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചുകൊണ്ട് വിശ്വാസ സമൂഹം മുന്നോട്ട് പോകുമ്പോൾ, രാജീവ് ചന്ദ്രശേഖറിന്റെ വിമർശനങ്ങൾ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ളവയാണെന്ന് വ്യക്തമാണ്.

രാജീവ്‌ ചന്ദ്രശേഖറിന്റെ പ്രസ്താവനകൾ അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ട് മാത്രം. കേരളത്തിലെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലങ്ങളെക്കുറിച്ചുള്ള അജ്ഞതയെയും തുറന്നുകാട്ടുന്നു. കേരളത്തിന്റെ ആത്മീയതയും ഭക്തിയും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർടിയുടെയോ വ്യക്തിയുടെയോ കുത്തകയല്ല. അത് സകല ജനങ്ങളുടെയും പൊതുസ്വത്താണ്. ഈ യാഥാർഥ്യം മനസിലാക്കാതെ അയ്യപ്പസംഗമത്തെ രാഷ്ട്രീയ നാടകമായി ചിത്രീകരിക്കുന്നത് വിശ്വാസി സമൂഹത്തോടുള്ള അവഹേളനമാണ്.

മുഖ്യമന്ത്രിക്ക് കേരളത്തെക്കുറിച്ചോ സാധാരണക്കാരായ ജനങ്ങളെക്കുറിച്ചോ ഒന്നും അറിയില്ലെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. കേരളത്തെ പറ്റി ഒന്നുമറിയാത്ത രാജീവ്‌ ചന്ദ്രശേഖറിന് മികച്ച ഭരണകർത്താവ് എന്നതിനാൽ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽ വന്ന മുഖ്യമന്ത്രിയായ പിണറായി വിജയനെ വിമർശിക്കാൻ എന്ത് യോഗ്യത ആണുള്ളത്?

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന രാജീവ് ചന്ദ്രശേഖർ, കഴിഞ്ഞ ഒമ്പതര വർഷത്തിനിടെ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളെ മന:പൂർവം അവഗണിക്കുന്നു. തീർഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയങ്ങളെ രാഷ്ട്രീയ കണ്ണിലൂടെ മാത്രം കാണുന്നത് ശരിയായ സമീപനമല്ല.ദേവസ്വം ബോർഡ് നടത്തുന്ന പരിപാടിക്ക് സർക്കാർ പൂർണ പിന്തുണ നൽകുന്നുണ്ട്. അത് ഭരണപരമായ കടമയാണ്. അയ്യപ്പ സംഗമത്തെയും സുവർണാവസരമായി കരുതുന്ന രാജീവ് ചന്ദ്രശേഖർ മലർപ്പൊടിക്കാരന്റെ ദിവാ സ്വപ്നം കാണുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com