

ചെന്നൈ: തന്റെ പ്രിയ സുഹൃത്തിന്റെ വിയോഗവാർത്ത ഞെട്ടിക്കുന്നതാണെന്ന് രജനീകാന്ത് പറഞ്ഞു. സിനിമയ്ക്ക് പുറത്ത് വളരെ നല്ലൊരു മനുഷ്യനായിരുന്നു ശ്രീനിവാസനെന്നും അദ്ദേഹത്തിന്റെ കഴിവ് വാക്കുകൾക്ക് അപ്പുറമാണെന്നും രജനീകാന്ത് അനുസ്മരിച്ചു.
ചെന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നിച്ച് പഠിച്ച കാലം മുതലുള്ള ആത്മബന്ധമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത്. രജനീകാന്ത് അഭിനയത്തിന്റെ ബാലപാഠങ്ങൾ പഠിച്ച അതേ കാലഘട്ടത്തിൽ തന്നെയാണ് ശ്രീനിവാസനും അവിടെയുണ്ടായിരുന്നത്.
ശ്രീനിവാസൻ ഒരു അതിഗംഭീര നടനാണെന്നും അദ്ദേഹത്തിന്റെ അഭിനയശൈലി വേറിട്ടതാണെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു ശ്രീനിവാസന്റെ അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. രജനീകാന്ത് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടിരിക്കുകയാണ്.