

കൊച്ചി: ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലുള്ള രാജേഷ് കേശവിനെ പുതുവത്സര തലേന്ന് സന്ദർശിച്ച അനുഭവം പ്രതാപ് ജയലക്ഷ്മി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. രാജേഷിന്റെ ഓരോ ചെറിയ ചലനങ്ങളും വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് പ്രതാപ് കുറിച്ചു.
കഴിഞ്ഞ നാല് മാസമായി വെല്ലൂർ ആശുപത്രിയിൽ തീവ്രമായ തെറാപ്പികൾക്ക് വിധേയനാവുകയാണ് രാജേഷ്. പ്രതാപിനൊപ്പം ഓസ്‌ട്രേലിയയിൽ നിന്നുള്ള സുഹൃത്ത് ജെയ് ജോഡനും രാജേഷിനെ കാണാനെത്തിയിരുന്നു.
സുഹൃത്തുക്കളുടെ ശബ്ദം കേട്ടപ്പോൾ രാജേഷ് തെറാപ്പിയോട് നന്നായി സഹകരിച്ചുവെന്നും ചുണ്ടനക്കി മറുപടി പറയാൻ ശ്രമിച്ചുവെന്നും പ്രതാപ് പറയുന്നു. രാജേഷിന്റെ മാറ്റത്തിൽ ഡോക്ടർമാരും തെറാപ്പിസ്റ്റുകളും തൃപ്തരാണ്.ചികിത്സാ ചെലവുകൾ വളരെ കൂടുതലാണെന്നും ഇനിയും നീണ്ട ചികിത്സ ആവശ്യമാണെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നു.
ആഘോഷങ്ങളെല്ലാം കടന്നുപോയെങ്കിലും രാജേഷ് സുഖം പ്രാപിച്ച് തിരിച്ചെത്തുന്ന ദിവസമായിരിക്കും തങ്ങളുടെ യഥാർത്ഥ പുതുവർഷാഘോഷമെന്ന് പ്രതാപ് പറയുന്നു.രാജേഷിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനകളോടെ സിനിമാ ലോകവും സുഹൃത്തുക്കളും കാത്തിരിക്കുകയാണ്.