
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. അടുത്ത നാല് ദിവസം വിവിധ ജില്ലകളിൽ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മൂന്ന് ജില്ലകളിൽ ജനുവരി 31ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനവും കാലാവസ്ഥ വകുപ്പ് പുറത്തിറക്കി. ബുധൻ, വ്യാഴം ദിവസങ്ങളിൽ മിതമായ മഴക്ക് സാധ്യയയുണ്ടെന്നും വെളളിയാഴ്ച അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നുമാണ് നൽകുന്ന മുന്നറിയിപ്പ്. ശനിയാഴ്ച മിതമായ മഴ പെയ്യനാണ് സാധ്യത. വ്യാഴം വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്.