തിരുവനന്തപുരം : ജനുവരിയില്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ മികവാര്‍ന്ന രചനകള്‍ വായനക്കാരില്‍ എത്തണമെന്ന ഉദ്ദേശത്തോടെ കൈറ്റ് തയ്യാറാക്കിയ ‘മഴ മണ്ണിലെഴുതിയത്’ എന്ന മാഗസിന്‍ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ സ്ക്രൈബസിലാണ് മാഗസിന്റെ രൂപകല്പന ചെയ്തിരിക്കുന്നത്.കുരുന്നുകളുടെ മികവാർന്ന രചനകൾ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോകുകയാണ് പതിവെന്നും, അവ വായനക്കാരില്‍ എത്തണമെന്ന ഉദ്ദേശത്തോടെയാണ് മാഗസിന്‍ പുറത്തിറക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം...........
നമ്മുടെ സ്കൂള്‍ കലോല്‍സവങ്ങളിൽ രചനാ വിഭാഗങ്ങളിൽ വളരെ മികവാർന്ന നിരവധി സൃഷ്ടികൾ ഉണ്ടാവാറുണ്ട്. വിശേഷിച്ച് കഥ, കവിത എന്നീ വിഭാഗങ്ങളില്‍. എന്നാല്‍ ഇവയൊന്നും ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോകുകയാണ് പതിവ്.
രചനയ്ക്കായി നൽകുന്ന വിഷയത്തെ എത്ര വൈവിധ്യത്തോടെയാണ് നമ്മുടെ കുട്ടികള്‍ സമീപിക്കുന്നതെന്ന് കാര്യം ആരെയും അത്ഭുതപ്പെടുത്തും. ഈ ജനുവരിയില്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ മികവാര്‍ന്ന രചനകള്‍ വായനക്കാരില്‍ എത്തണമെന്ന ഉദ്ദേശത്തോടെ ‘മഴ മണ്ണിലെഴുതിയത്’ എന്ന മാഗസിന്‍ പുറത്തിറക്കുകയാണ്. കേരളാ ഇന്‍ഫ്രാസ്ട്രക്ചർ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് ഡിജിറ്റൽ മാഗസിന്‍ തയ്യാറാക്കിയത്.
മാഗസിനിലെ രചനകള്‍ക്ക് ഇല്ലസ്ട്രേഷനും മറ്റ് ചിത്രീകരണവും നിർവഹിച്ചിരിക്കുന്നതും കലോല്‍സവ വിജയികളായ കുട്ടികൾ തന്നെയാണ്. കഥകളും കവിതകളും എഴുത്തുകാരുടെ ശബ്ദത്തില്‍ തന്നെ കേള്‍ക്കുവാനായി പോഡ്കാസ്റ്റ് സംവിധാനവും ഡിജിറ്റല്‍ മാഗസിനില്‍ ഒരുക്കിയിട്ടുണ്ട്. മാഗസിനിലെ ഓരോ സൃഷ്ടികള്‍ക്കൊപ്പവും ചേർത്തിരിക്കുന്ന QR കോഡുകള്‍ ഉപയോഗിച്ച് ഇവയുടെ വീഡിയോകള്‍ കാണാം. അവര്‍ തന്നെ വായിച്ച് അവതരിപ്പിക്കുന്നതിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത് കൈറ്റ്-വിക്ടേഴ്സ് ചാനലാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ സ്ക്രൈബസിലാണ് മാഗസിന്റെ രൂപകല്പന ചെയ്തിരിക്കുന്നത്.
സ്മാര്‍ട്ട് ഫോണിലും കമ്പ്യൂട്ടറിലും എളുപ്പം വായിക്കാൻ കഴിയുന്ന രീതിയിലാണ് പേജ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.ഡിജിറ്റല്‍ മാഗസിനില്‍ 56 രചനകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കൈറ്റിന്റെ മാസ്റ്റര്‍ ട്രെയിനര്‍മാരും വിക്കി പ്രവര്‍ത്തകരുമാണ് കുട്ടികള്‍ക്കു പുറമെ ഡിജിറ്റല്‍ മാഗസിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ‘മഴ മണ്ണിലെഴുതിയത്’ കൈറ്റ് വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ലിങ്ക് കമന്റില്‍ നല്‍കുന്നു. ‘മഴ മണ്ണിലെഴുതിയത്’ ഏറെ അഭിമാനത്തോടെ ഇവിടെ പ്രകാശനം ചെയ്യുന്നു.