

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (നവംബർ 18) ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.(Rain with thunder and lightening to continue in the state, Yellow alert in 6 districts today)
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ നാളെയും (നവംബർ 19) യെല്ലോ അലർട്ട് നിലവിലുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കാലാവസ്ഥാ വകുപ്പ് 'ശക്തമായ മഴ' എന്ന് നിർവചിച്ചിരിക്കുന്നത്.
വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നവംബർ 18ന് ആൻഡമാൻ കടൽ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
നവംബർ 19ന് ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പ്രദേശങ്ങൾ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
നവംബർ 20ന് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പ്രദേശങ്ങൾ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
നവംബർ 21ന് തെക്കൻ ആൻഡമാൻ കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ആൻഡമാൻ കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മത്സ്യത്തൊഴിലാളികൾ ഈ ദിവസങ്ങളിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനായി പോകരുത്.