റെയിൽവേ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റു: ചിറയിൻകീഴ് റിസർവേഷൻ ക്ലർക്ക് അറസ്റ്റിൽ | Railway

ഇയാളെ കോടതി ജാമ്യത്തിൽ വിട്ടു
Railway tickets sold on black market, Chirayinkeezhu reservation clerk arrested

തിരുവനന്തപുരം: ദീർഘദൂര യാത്രകൾക്കുള്ള റെയിൽവേ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽപ്പന നടത്തിയതിന് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ ക്ലർക്ക് അറസ്റ്റിലായി. രാജസ്ഥാൻ സ്വദേശിയായ മദൻ മോഹൻ മീണയാണ് ആർ.പി.എഫ് സംഘത്തിന്റെ പിടിയിലായത്.(Railway tickets sold on black market, Chirayinkeezhu reservation clerk arrested)

ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഇയാൾ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റഴിച്ചിരുന്നത്. ഇതിനായി ഒരു അസം സ്വദേശിയെ ഇടനിലക്കാരനായും ഉപയോഗിച്ചിരുന്നതായി ആർ.പി.എഫ്. കണ്ടെത്തി. ഇടനിലക്കാരൻ ആവശ്യക്കാരെ ബന്ധപ്പെട്ട് തത്കാൽ ടിക്കറ്റുകൾ എടുത്ത് നൽകുകയാണ് ചെയ്തിരുന്നത്.

ഒരു ടിക്കറ്റിന് 1500 രൂപ മുതൽ 2000 രൂപ വരെയാണ് അധികമായി ഈടാക്കിയിരുന്നത്. ഒന്നിച്ച് യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ നഷ്ടമല്ലാത്തതിനാൽ വൻതോതിൽ ടിക്കറ്റുകൾ വിൽപ്പന നടന്നു വരികയായിരുന്നു. ഉദ്യോഗസ്ഥൻ നൽകുന്ന പേരുകളുമായി അസം സ്വദേശി എല്ലാ ദിവസവും രാവിലെ റിസർവേഷൻ കൗണ്ടറിൽ ആദ്യമെത്തും. ഇയാൾ നൽകുന്ന റിസർവേഷൻ ഫോമുകളിലെ വിവരങ്ങൾ ഉദ്യോഗസ്ഥൻ നേരത്തെ തന്നെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുകയും ഉടൻ ടിക്കറ്റ് ഇഷ്യൂ ചെയ്യുകയുമായിരുന്നു പതിവ്.

എന്നും ആദ്യം വരി നിൽക്കുന്ന അസം സ്വദേശിയിൽ സംശയം തോന്നിയ ആർ.പി.എഫ്. ഇയാളെ മാസങ്ങളായി നിരീക്ഷിച്ച ശേഷമാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്. കൗണ്ടറിൽ ക്യൂ നിൽക്കുന്നതിന് ഇടനിലക്കാരന് ദിവസവും 400 രൂപയാണ് കമ്മീഷൻ ലഭിച്ചിരുന്നത്. ടിക്കറ്റ് എടുക്കാൻ വരുന്ന ഉത്തരേന്ത്യക്കാരുമായി പരിചയം സ്ഥാപിച്ച് കൂടുതൽ ആവശ്യക്കാരെ ഇയാൾ പരിചയപ്പെടുത്തി നൽകിയിരുന്നതായും ആർ.പി.എഫ്. കണ്ടെത്തി.

അറസ്റ്റ് രേഖപ്പെടുത്തിയ റിസർവേഷൻ ക്ലർക്ക് മദൻ മോഹൻ മീണയെ കോടതി ജാമ്യത്തിൽ വിട്ടു. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ തുടർ നടപടികൾ കോടതി തീരുമാനിക്കുമെന്ന് അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം നോർത്ത് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com