മലപ്പുറം : തിരൂർ റെയിൽവേ സ്റ്റേഷനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ താഴെ വീണ വൃദ്ധയെ റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. റെയിൽവേ പോലീസ് എ.എസ്.ഐ. ഉമേശനാണ് അപകടം ഒഴിവാക്കി മാതൃകയായത്.(Railway Police officer bravely rescues elderly woman who fell under moving train in Tirur)
ഞായറാഴ്ച ഉച്ചയ്ക്ക് ആണ് സംഭവം, ട്രെയിൻ മുന്നോട്ട് നീങ്ങിത്തുടങ്ങിയ ശേഷം അതിൽ കയറാൻ ശ്രമിച്ച വയോധിക, നില തെറ്റി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലൂടെ ട്രെയിനിനടിയിലേക്ക് വീഴുകയായിരുന്നു.വയോധിക ഓടി ട്രെയിനിൽ കയറാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട എ.എസ്.ഐ. ഉമേശൻ അപകടം മണത്ത് ഇവരുടെ പിന്നാലെ ഓടിയെത്തി.
ട്രെയിനിനകത്തുണ്ടായിരുന്ന ഒരാളുടെ കൈയിൽ പിടിച്ച് വയോധിക അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് നില തെറ്റി വീണത്. ഉടൻ ഓടിയെത്തിയ എ.എസ്.ഐ. ഉമേശൻ, ട്രെയിനിനടിയിൽ പെടാതെ ഇവരെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിലൂടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വയോധികയുടെ ജീവൻ രക്ഷിച്ച എ.എസ്.ഐ. ഉമേശനെ അഭിനന്ദിച്ച് കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് കയറുന്നത് അതീവ അപകടകരമാണെന്നും ഇത് ഒഴിവാക്കണമെന്നും പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.