

പാലക്കാട്: കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനെതിരെ ബി.ജെ.പി.യിൽ പരസ്യ വിമർശനം. ബി.ജെ.പി. ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനാണ് വാർത്താ സമ്മേളനത്തിലൂടെ പാർട്ടി നേതൃത്വത്തിൻ്റെ അതൃപ്തി പരസ്യമാക്കിയത്.
എം.എൽ.എയ്‌ക്കൊപ്പം വേദി പങ്കിട്ട നഗരസഭാ അധ്യക്ഷയുടെ നിലപാട് തെറ്റായിപ്പോയെന്നും അരുതാത്ത കാര്യമാണ് സംഭവിച്ചതെന്നും പ്രശാന്ത് ശിവൻ കുറ്റപ്പെടുത്തി.എം.എൽ.എയെ ബഹിഷ്കരിക്കുക എന്നത് പാർട്ടി നിലപാടായിരുന്നു. ബി.ജെ.പി. അംഗമായ നഗരസഭാ അധ്യക്ഷ ഇത് പാലിക്കേണ്ടതായിരുന്നു.സംഭവം സംസ്ഥാന നേതൃത്വത്തിൻ്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ നേതൃത്വം നിലപാട് വ്യക്തമാക്കുമെന്നും ജില്ലാ പ്രസിഡൻ്റ് അറിയിച്ചു.
അതേസമയം, ജില്ലാ പ്രസിഡൻ്റിൻ്റെ നിലപാടിനെ തള്ളി മുതിർന്ന നേതാവും നഗരസഭാ കൗൺസിലറുമായ എൻ. ശിവരാജൻ രംഗത്തെത്തി. എം.എൽ.എ. പങ്കെടുക്കുന്ന പരിപാടിയാണെന്ന് അറിയാതെയാണ് നഗരസഭാ അധ്യക്ഷ പോയതെന്നാണ് ശിവരാജൻ്റെ വിശദീകരണം.
ബി.ജെ.പി.യിലെ പടലപ്പിണക്കങ്ങളാണ് നിലവിലെ സംഭവങ്ങൾക്ക് പിന്നിൽ എന്നാണ് സൂചന. സി. കൃഷ്ണകുമാർ വിഭാഗവും ശിവരാജൻ വിഭാഗവും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിൻ്റെ ഭാഗമായാണ് ഇപ്പോഴത്തെ സംഭവങ്ങളെ വിലയിരുത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിക്കുള്ളിലെ ഈ തർക്കങ്ങൾ തിരിച്ചടിയാകുമോ എന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനുണ്ട്.