പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ലൈംഗിക കുറ്റവാളിയാണെന്ന് ബിജെപി നേതാവ് സി. കൃഷ്ണകുമാർ. കോൺഗ്രസിന്റെ സൈബർ ആക്രമണം ഭയന്നാണ് പലരും രാഹുലിനെതിരെ പരാതി പറയാൻ മടിക്കുന്നത്. ഇനിയെങ്കിലും കോൺഗ്രസ് രാഹുലിനെതിരെ കടുത്ത നടപടിയെടുക്കണം. എംഎൽഎ സ്ഥാനം രാജിവയ്പ്പിക്കണമെന്നും സി കൃഷ്ണകുമാർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിലെ സ്ത്രീ സമൂഹത്തിന് ഒന്നാകെ ഭീഷണിയാണ്. സിപിഐഎം തിരഞ്ഞെടുപ്പ് വിഷയം മാത്രമാക്കുന്നു. എത്രയും വേഗം പൊലീസ് ലൈംഗിക കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്ന് കൃഷ്ണകുമാർ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ബംഗളൂരു സ്വദേശിയായ യുവതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് പരാതി നൽകിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉൾപ്പടെയുള്ളവർക്കും യുവതി പരാതി നൽകിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.