പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേഴ്സണൽ സ്റ്റാഫും ഡ്രൈവറും കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രാഹുലിൻ്റെ സറ്റാഫ് ഫസലും ഡൈവർ ആൽബിനുമാണ് കസ്റ്റഡിയിലായത്. വൈകിട്ട് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്.രണ്ടുപേരെയും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതായാണ് സൂചന.
രാഹുലിനെ ഒളിവിൽ പോകാൻ സഹായിച്ചത് ഇവരാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്‌റ്റഡിയിലെടുത്തത്. രാഹുലിന് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ എംഎല്‍എയെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും സ്റ്റാഫ് അംഗങ്ങൾ പ്രതികരിച്ചിരുന്നു.
അതേ സമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. പാലക്കാട്ടും തിരുവനന്തപുരത്തും നിരവധിയിടങ്ങളിലാണ് ആഘോഷം. രാഹുലിന് ജാമ്യം നിഷേധിച്ചതില്‍ സന്തോഷമറിയിച്ച് യാത്രക്കാര്‍ക്ക് ലഡു വിതരണം നടത്തുകയും ചെയ്തു.