തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ യുവതിയുടെ പരാതിയില്‍ അന്വേഷണച്ചുമതല റൂറല്‍ എസ്പിക്ക്. എസ്പി കെ എസ് സുദര്‍ശനാണ് അന്വേഷണച്ചുമതല. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നു. മൊഴിയെടുപ്പ് റൂറൽ എസ്പിയുടെ ഓഫീസിൽ വെച്ച് നാളെ കോടതിയില്‍ രഹസ്യ മൊഴിയെടുക്കാൻ അപേക്ഷ നല്‍കും. ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. പുതിയ എഫ് ഐ ആര്‍ ആയിരിക്കും രജിസ്റ്റർ ചെയ്യുക.
യുവതി ഇന്ന് വൈകുന്നേരം 4.15-ഓടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. 4.50-ന് പരാതി രേഖാമൂലം കൈമാറിയ ശേഷം മടങ്ങുകയായിരുന്നു. തെളിവുകൾ ഉൾപ്പെടെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുന്നതോടെ അന്വേഷണത്തിന്റെ വേഗത വർദ്ധിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയും അതിലെ തെളിവുകളും കേസിൽ നിർണ്ണായകമാകും. ഇതോടെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായ കുരുക്ക് മുറുകിയിരിക്കുകയാണ്.
അതേസമയം, പരാതിക്ക് പിന്നാലെ മുൻകൂർ ജാമ്യത്തിന് നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രംഗത്തെത്തി. മുൻകൂർ ജാമ്യത്തിനുളള സാധ്യതകളാണ് രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ടവർ പരിശോധിക്കുന്നത്.കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി ചർച്ച നടത്തിയതായാണ് വിവരം. പരാതിയുടെ പകർപ്പും കേസിന്‍റെ സ്വഭാവവും പരിഗണിച്ചശേഷം തുടർ നടപടി ആലോചിക്കുമെന്നാണ് റിപ്പോർട്ട്.