പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകുന്നേരം അഞ്ചിന് മുൻപായി രാഹുലിനെ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. എംഎൽഎയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.(Rahul Mamkootathil's Custody period ends today)
ചോദ്യം ചെയ്യലിൽ രാഹുൽ തീർത്തും നിസ്സഹകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കൈക്കലാക്കിയ മൊബൈൽ ഫോണുകളുടെ പാസ്‌വേഡ് നൽകാൻ അദ്ദേഹം തയ്യാറായിട്ടില്ല. ഫോണിൽ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും പോലീസ് അത് നശിപ്പിക്കാൻ സാധ്യതയുള്ളതിനാലാണ് പാസ്‌വേഡ് നൽകാത്തതെന്നുമാണ് രാഹുലിന്റെ വിശദീകരണം.
അടൂരിലെ വീട്ടിൽ പോലീസ് സംഘം വിശദമായ പരിശോധന നടത്തിയെങ്കിലും ലാപ്ടോപ്പോ മറ്റ് ഡിജിറ്റൽ ഉപകരണങ്ങളോ കണ്ടെത്താനായില്ല. തിരുവല്ലയിലെ 'ക്ലബ് 7' ഹോട്ടലിൽ തെളിവെടുപ്പ് പൂർത്തിയാക്കാൻ സാധിച്ചിരുന്നു. ഹോട്ടലിലെ 408-ാം നമ്പർ മുറിയിൽ എത്തിയ കാര്യം രാഹുൽ സമ്മതിച്ചിട്ടുണ്ട്.
കസ്റ്റഡി കാലാവധി നീട്ടി ചോദിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. പാലക്കാട് എത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും കോടതിയെ അറിയിക്കും.