തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തുടർച്ചയായി മൂന്ന് ബലാത്സംഗ പരാതികൾ വരുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം എൽഡിഎഫും ബിജെപിയും ശക്തമാക്കിയിട്ടുണ്ട്.(Rahul Mamkootathil's arrest, LDF and BJP demand resignation)
"സ്ഥിരം കുറ്റവാളി" എന്ന് പോലീസ് വിശേഷിപ്പിച്ച ഒരാൾ നിയമസഭാംഗമായി തുടരുന്നത് ജനാധിപത്യത്തിന് അപമാനമാണെന്ന് എൽഡിഎഫ് കൺവീനറും മറ്റ് ഇടത് നേതാക്കളും ആരോപിക്കുന്നു. രാഹുലിനോട് രാജിവയ്ക്കാൻ കോൺഗ്രസ് നേതൃത്വം നിർദ്ദേശിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കോൺഗ്രസ് രാഹുലിനെ സംരക്ഷിക്കുകയാണെന്നും, എംഎൽഎ പദവി ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ അദ്ദേഹം ഉടൻ രാജിവയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
രാഹുലിനെ ഇതിനകം തന്നെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്നാണ് കോൺഗ്രസിന്റെ വാദം. "പുറത്താക്കിയ ഒരാളോട് എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ നിർദ്ദേശിക്കാൻ പാർട്ടിക്ക് അധികാരമില്ല" എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയത്.
രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനുള്ള നീക്കങ്ങൾ നിയമസഭയും ആലോചിക്കുന്നുണ്ട്. വിഷയത്തിൽ സ്പീക്കർ എ.എൻ. ഷംസീർ നിയമോപദേശം തേടിയിട്ടുണ്ട്. തുടർച്ചയായി ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നത് സഭയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുമെന്നതാണ് സ്പീക്കറുടെ നിലപാട്. വിഷയം നിയമസഭയുടെ എത്തിക്‌സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റിക്ക് വിടാനും സാധ്യതയുണ്ട്.