കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഗുരുതരമായ ലൈംഗിക പീഡന ആരോപണം നേരിടുന്ന ഒരു ജനപ്രതിനിധിക്ക് വസ്തുതകൾ പൂർണമായി പരിഗണിക്കാതെയാണ് കോടതി ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷൻ്റെ പ്രധാന വാദം.(Rahul Mamkootathil's anticipatory bail, State government to approach High Court today)
സമൂഹത്തിൽ മാതൃകാപരമായി പെരുമാറേണ്ട ഒരു എം.എൽ.എക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന ശക്തമായ നിലപാടിലാണ് സർക്കാർ. പരാതിക്കാരിയുടെ രഹസ്യമൊഴിയും മറ്റ് തെളിവുകളും രാഹുലിന് എതിരാണ്. ബലംപ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നും, രക്ഷപ്പെടാൻ കരഞ്ഞു കാലുപിടിച്ചിട്ടും അതിജീവിതയെ ആക്രമിച്ചു എന്നും മൊഴിയിൽ പറയുന്നു.
രാഹുലിനെതിരെ ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ അടക്കം ജാമ്യം ലഭിക്കാൻ സാധ്യതയില്ലാത്ത ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിച്ചാൽ പ്രതി കേസിൻ്റെ അന്വേഷണത്തെയും സാക്ഷികളെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ട്. ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിക്കും.
രണ്ടാമത്തെ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. രാഹുലിനെ അറസ്റ്റ് ചെയ്താൽ ഉടൻ ജാമ്യത്തിൽ വിടണം. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുത് എന്നിവയാണവ.
ജാമ്യം ലഭിച്ചതോടെ ദിവസങ്ങളായി ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഉടൻ പൊതുരംഗത്ത് പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കി പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിൻ്റെ പ്രാധാന്യം പ്രോസിക്യൂഷൻ ഹൈക്കോടതിയെ ബോധിപ്പിക്കാൻ ഒരുങ്ങുന്നത്.