തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. ഉത്തരവ് പിന്നീടായിരിക്കും പുറപ്പെടുവിക്കുക.(Rahul Mamkootathil's anticipatory bail plea postponed for verdict)
കോടതിയിലെ അടച്ചിട്ട മുറിയിൽ ഏകദേശം ഒന്നര മണിക്കൂർ നേരമാണ് വാദം നടന്നത്. വാദത്തിനിടെ ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.
രാഹുലിന്റെ അറസ്റ്റ് സംബന്ധിച്ച് പൊലീസ് റിപ്പോർട്ടിൽ ഗുരുതരമായ പരാമർശങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ബലാത്സംഗത്തിന് തെളിവുകളുണ്ടെന്നും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയതിന് തെളിവുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാനായി മാറ്റിയിരിക്കെ, ഉത്തരവ് വൈകിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പുനൽകണമെന്ന് പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, ഉറപ്പുനൽകാനാവില്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നൽകി.
ജാമ്യാപേക്ഷയിൽ നിരവധി രേഖകൾ പരിശോധിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിശോധനകൾ പൂർത്തിയായാൽ വിധി ഇന്ന് തന്നെ ഉണ്ടാകും. അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ നീണ്ട വാദമാണ് ഇന്ന് പൂർത്തിയാക്കിയത്. ബലാത്സംഗം, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം എന്നിവക്ക് തെളിവുകളുണ്ടെന്ന ഗുരുതര പരാമർശങ്ങൾ അടങ്ങിയ പൊലീസ് റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
കോടതിയിൽ നടന്ന വാദത്തിനിടെ ഗുരുതരമായ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിഭാഗം അഭിഭാഷകൻ. രാഹുലിന്റെ രാഷ്ട്രീയ ജീവിതം നശിപ്പിക്കാനാണ് യുവതി വ്യാജ പരാതി നൽകിയതെന്നും, കേസിനു പിന്നിൽ സിപിഎം–ബിജെപി ഗൂഢാലോചനയാണെന്നും അഭിഭാഷകൻ വാദിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഹുലിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇതിനു പിന്നിൽ സിപിഎം–ബിജെപി ഗൂഢാലോചനയുണ്ട്.
യുവതിയുമായി ഉണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. യുവതി വിവാഹിതയാണെന്നും ഗർഭിണിയായതിന്റെ ഉത്തരവാദിത്തം ഭർത്താവിനാണെന്നും രാഹുൽ ജാമ്യഹർജിയിൽ പറയുന്നു. യുവതി സ്വമേധയാ ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിക്കുകയായിരുന്നു എന്നാണ് ഇതിൽ പറയുന്നത്. എന്നാൽ, രാഹുലിന് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുത് എന്ന കടുത്ത നിലപാടാണ് പ്രോസിക്യൂഷൻ കോടതിയിൽ സ്വീകരിച്ചത്. കടുത്ത കുറ്റകൃത്യം നടന്നിട്ടുണ്ട് എന്നും പ്രോസിക്യൂഷൻ വാദിച്ചു.
ബലാത്സംഗ ദൃശ്യങ്ങൾ രാഹുൽ ഫോണിൽ ചിത്രീകരിക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽ വെച്ച് രണ്ടു തവണയും പിന്നീട് പാലക്കാട് വെച്ചും രാഹുൽ ബലാത്സംഗം ചെയ്തു എന്നാണ് യുവതി നെയ്യാറ്റിൻകര ജെഎഫ്സിഎം 7 കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ പറയുന്നത്. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ രാഹുൽ ഭീഷണി കൂടുതൽ രൂക്ഷമാക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തു. ഗർഭധാരണത്തിന് നിർബന്ധിച്ചുവെന്നും പിന്നീട് അശാസ്ത്രീയമായ ഗർഭഛിദ്രത്തിനു പ്രേരിപ്പിച്ചുവെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഗർഭഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നൽകിയത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണെന്നും മൊഴിയിലുണ്ട്. ഇയാളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.