

കൊച്ചി: ലൈംഗിക പീഡനത്തിന് പുറമെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ തന്നിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അതിജീവിത. പാലക്കാട്ട് 3-BHK ആഡംബര ഫ്ലാറ്റ് വാങ്ങാൻ പണം നൽകണമെന്ന് രാഹുൽ നിർബന്ധിക്കുന്ന ഓഡിയോ സന്ദേശങ്ങളും വാട്‌സാപ്പ് ചാറ്റുകളും പത്തനംതിട്ട സ്വദേശിനിയായ പരാതിക്കാരി പോലീസിന് കൈമാറി.
അതിജീവിതയുടെ പ്രധാന വെളിപ്പെടുത്തലുകൾ:
രാഹുലിന്റെ വിദേശയാത്രകൾക്കും വിലകൂടിയ വസ്ത്രങ്ങൾക്കും വാച്ചുകൾക്കും വേണ്ടി താൻ പണം നൽകി. പതിനായിരം രൂപയുടെ ചെരിപ്പ് വാങ്ങാൻ വരെ തന്റെ പണം ഉപയോഗിച്ചു. ബന്ധത്തിനിടെ ഗർഭിണിയായപ്പോൾ രാഹുൽ തന്നിൽ നിന്ന് അകന്നു. കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തു. ഡി.എൻ.എ പരിശോധനയ്ക്ക് രാഹുൽ തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു. പീഡനവിവരം പുറത്തുപറയുമെന്ന് പറഞ്ഞപ്പോൾ അച്ഛനെയും അമ്മയെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തി. കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുമെന്നായിരുന്നു രാഹുലിന്റെ മുന്നറിയിപ്പ്.
പോലീസിന്റെ രഹസ്യ നീക്കം രാഹുൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കാതിരിക്കാൻ അതീവ രഹസ്യമായാണ് പ്രത്യേക അന്വേഷണ സംഘം നീങ്ങിയത്. 2026 ജനുവരി 11-ന് പുലർച്ചെ പാലക്കാട്ടെ ഹോട്ടലിൽ പോലീസ് എത്തുമ്പോൾ മാത്രമാണ് മൂന്നാമതൊരു ബലാത്സംഗക്കേസ് കൂടി തനിക്കെതിരെ ഉണ്ടെന്ന വിവരം രാഹുൽ അറിയുന്നത്. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുലിനെ പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തു.
തന്നെ രാഷ്ട്രീയമായി തകർക്കാൻ ബോധപൂർവ്വം ചമച്ച കേസാണിതെന്ന് രാഹുൽ ജാമ്യാപേക്ഷയിൽ വാദിക്കുന്നു. ഹോട്ടൽ മുറി ബുക്ക് ചെയ്തത് പരാതിക്കാരിയാണെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധം മാത്രമാണ് നടന്നതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. പരാതിക്കാരി വിവാഹിതയാണെന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും അറിഞ്ഞ നിമിഷം ബന്ധം അവസാനിപ്പിച്ചുവെന്നുമാണ് രാഹുലിന്റെ വാദം.