കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉൾപ്പെട്ട പീഡനക്കേസിൽ നിയമപോരാട്ടം കടുക്കുന്നു. എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്നും തന്നെ കക്ഷി ചേർക്കണമെന്നും ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകി. ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാൻ ഇരിക്കെയാണ് അതിജീവിതയുടെ നീക്കം.
കേസ് പുറത്തുവന്നതിന് പിന്നാലെ താൻ കടുത്ത സൈബർ ആക്രമണം നേരിടുകയാണെന്ന് അതിജീവിത കോടതിയെ അറിയിച്ചു. ഇതിനിടെ കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയ അതിജീവിതയുടെ ഭർത്താവ് രാഹുലിനും പോലീസിനുമെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു.
തന്റെ സന്തുഷ്ടമായ കുടുംബജീവിതം തകർത്തത് രാഹുൽ മാങ്കൂട്ടത്തിലാണെന്നും പരാതി നൽകിയിട്ടും മുഖ്യമന്ത്രിയും ഡിജിപിയും നടപടിയെടുക്കാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പോയതെന്ന രാഹുലിന്റെ വാദം അദ്ദേഹം തള്ളി. പ്രശ്നം പരിഹരിക്കാനാണെങ്കിൽ ഭർത്താവായ തന്നോടുകൂടി സംസാരിക്കേണ്ടേ എന്നും അദ്ദേഹം ചോദിച്ചു.
കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എംഎൽഎ എന്ന പ്രത്യേക പരിഗണന നൽകാതെ രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബർ രണ്ടിന് തന്നെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. കേസിൽ ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് രാഷ്ട്രീയമായും നിയമപരമായും വരും ദിവസങ്ങളിൽ ഏറെ നിർണ്ണായകമാകും.