പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങൾ കൂടുതൽ കടുക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. (Rahul Mamkootathil resigns from being Youth Congress state president)
സംസ്ഥാന നേതാക്കളും രാഹുലിനെ കൈവിട്ടിരുന്നു. വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരടക്കം കർശനമായ നടപടി ഉണ്ടാകുമെന്നാണ് പറഞ്ഞത്.
രാഹുലിനെ കൂടുതൽ കുരുക്കിലാക്കി ചാറ്റുകൾ പുറത്തായി. ഇയാൾ പാർട്ടിയിലെ തൻ്റെ സഹപ്രവർത്തകയ്ക്ക് അയച്ച മെസേജുകളാണ് പുറത്തായത്. ആരോപണത്തിന് പിന്നാലെയാണ് ഇവ പുറത്ത് വന്നത്. കുഞ്ഞനിയൻ, സഹോദരൻ എന്നൊക്കെ യുവതി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും രാഹുലിൻ്റെ മറുപടി അങ്ങനെ ആയിരുന്നില്ല. എത്രദിവസമായി നമ്പർ ചോദിക്കുന്നു, സൗന്ദര്യമുള്ളതിൻ്റെ ജാഡയാണോ എന്നൊക്കെ ചാറ്റിലുണ്ട്. സുന്ദരിമാർ എല്ലാം ഇങ്ങനെയാണെന്ന് ഇയാൾ പറയുന്നു.
അതേസമയം, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് നടി തനിക്ക് മുന്നിൽ പരാതിയുമായി എത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്ഥിരീകരിച്ചു. തെറ്റായ മെസേജ് അയച്ചുവെന്ന് മകളെപ്പോലെയുള്ള ഒരു കുട്ടി വന്നു പറഞ്ഞാൽ ഒരു പിതാവ് എന്താണോ ചെയ്യുന്നത് അത് താനും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. മെസേജ് അയച്ചാല്‍ തൂക്കി കൊല്ലാന്‍ പറ്റില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് വിശദീകരണം തേടിയതിന് ശേഷം നടപടിയെടുക്കുമെന്നാണ് സതീശൻ അറിയിച്ചിരുന്നത്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വിട്ടുവീഴ്ചയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എത്ര വലിയ നേതാവ് ആണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുലിനെതിരെയുള്ള ആരോപണങ്ങളിൽ നടപടി വേണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.