പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. എട്ടാം ദിവസവും ഒളിവിൽ തുടരുന്നു. രാഹുലിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയ പ്രത്യേക അന്വേഷണ സംഘം നിലവിൽ വയനാട്-കർണാടക അതിർത്തി കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.(Rahul Mamkootathil remains in hiding for the eighth day)
രാഹുൽ ഒളിച്ചുതാമസിച്ച സ്ഥലങ്ങളിൽ നിന്ന് അന്വേഷണ സംഘം എത്തുന്നതിനു തൊട്ടുമുമ്പ് രക്ഷപ്പെട്ടത് പോലീസിൽ ശക്തമായ സംശയമുണ്ടാക്കിയിട്ടുണ്ട്. പോലീസിൽ നിന്ന് രാഹുലിന് വിവരങ്ങൾ ചോരുന്നുണ്ടോയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതേത്തുടർന്ന്, എസ്.ഐ.ടി.യുടെ നീക്കങ്ങൾ പൂർണമായും രഹസ്യ സ്വഭാവത്തിൽ ആയിരിക്കണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.
കർണാടകയിൽ രാഹുലിനായി വ്യാപക തെരച്ചിലാണ് നടത്തുന്നത്. ഇന്നലെ ബാഗല്ലൂരിലെ ഒരു കേന്ദ്രത്തിൽ രാഹുൽ എത്തിയെന്ന വിവരത്തെ തുടർന്ന് പോലീസ് വീട് വളഞ്ഞ് പരിശോധന നടത്തിയിരുന്നു. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി വരാനിരിക്കെ, അദ്ദേഹം കോടതിയിൽ കീഴടങ്ങുമെന്ന അഭ്യൂഹവും ശക്തമാണ്.
രാഹുലിനെതിരായ അച്ചടക്ക നടപടിയിൽ കോൺഗ്രസ് പാർട്ടിയിൽ അമർഷം ഉയരുന്നുണ്ട്. കോടതി തീരുമാനം കാത്തിരിക്കുന്ന കെ.പി.സി.സി. നേതൃത്വത്തിന്റെ നിലപാടിൽ ഒരു വിഭാഗം അതൃപ്തി രേഖപ്പെടുത്തി. ഉടൻ നടപടിയെടുക്കുന്നതാണ് രാഷ്ട്രീയപരമായി ഗുണകരമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. എങ്കിലും, കോടതി വിധി വരട്ടെ എന്ന നിലപാടിലാണ് കെ.പി.സി.സി. നേതൃത്വം. കോടതി വിധി വന്ന ശേഷം പുറത്താക്കലിൽ അന്തിമ തീരുമാനം എടുക്കാനാണ് സാധ്യത.