

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്നും ഗർഭിണിയായിരിക്കെ തന്നെ മൃഗീയമായി പീഡിപ്പിച്ചെന്നും അതിജീവിത ഹൈക്കോടതിയിൽ. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഒന്നാം കേസിലെ പരാതിക്കാരി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ഗുരുതര ആരോപണങ്ങൾ ഉള്ളത്. രാഹുൽ ഒരു 'സാഡിസ്റ്റ്' ആണെന്നും മനോവൈകൃതമുള്ളയാളാണെന്നും പരാതിക്കാരി ആരോപിക്കുന്നു.
തന്റെ നഗ്നദൃശ്യങ്ങൾ ഭീഷണിപ്പെടുത്തി ചിത്രീകരിച്ചിട്ടുണ്ടെന്നും ആ ദൃശ്യങ്ങൾ ഇപ്പോഴും രാഹുലിന്റെ ഫോണിലുണ്ടെന്നും അതിജീവിത വെളിപ്പെടുത്തി. ജാമ്യം ലഭിച്ചാൽ ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭയപ്പെടുന്നതായും ഇവർ കോടതിയെ അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം പത്തോളം പേരെ രാഹുൽ സമാനമായ രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘത്തിന് വിവരമുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
പ്രതിയുടെ അടുപ്പക്കാരിൽ നിന്നും അനുയായികളിൽ നിന്നും താൻ നിരന്തരമായ സൈബർ അധിക്ഷേപവും ഭീഷണിയും നേരിടുകയാണെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി. സ്ഥിരം ലൈംഗിക കുറ്റവാളിയായ ഒരാൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി ജാമ്യം അനുവദിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു.
രാഹുൽ പ്രതിയായ ആദ്യ ബലാത്സംഗക്കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഈ നിർണ്ണായക നീക്കം. നിലവിൽ മൂന്നാം കേസിൽ അറസ്റ്റിലായി മാവേലിക്കര സബ് ജയിലിലാണ് രാഹുൽ. തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തിന് അതിജീവിതയുടെ വെളിപ്പെടുത്തൽ കൂടുതൽ കരുത്ത് പകരും.