VK ഇബ്രാഹിംകുഞ്ഞിനെ അനുസ്മരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ: ഇടതു പക്ഷത്തിനെതിരെ രൂക്ഷ വിമർശനം | VK Ebrahim Kunju

പാലാരിവട്ടം വിവാദവും ഇടത് നിലപാടും
Rahul Mamkootathil pays tribute to VK Ebrahim Kunju
Updated on

തിരുവനന്തപുരം: അന്തരിച്ച മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ കുറിച്ച് ഇടതുപക്ഷം സൃഷ്ടിച്ചത് കള്ളപ്രചരണങ്ങളാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇത്രയും മികച്ച രീതിയിൽ പ്രവർത്തിച്ച ഒരു മന്ത്രിയായിട്ടും 'പാലാരിവട്ടം പാലം' മാത്രം ജനമനസ്സുകളിലേക്ക് എത്തുന്ന രീതിയിൽ പൊതുബോധം സൃഷ്ടിച്ചത് ഇടതുപക്ഷത്തിന്റെ വ്യാജ പ്രചരണ വിഭാഗമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(Rahul Mamkootathil pays tribute to VK Ebrahim Kunju)

ഇബ്രാഹിംകുഞ്ഞിന്റെ ഭരണകാലത്തെ നേട്ടങ്ങളെ രാഹുൽ കുറിപ്പിൽ അക്കമിട്ട് നിരത്തുന്നു. തന്റെ ഭരണകാലയളവിൽ 227 പുതിയ പാലങ്ങൾ അദ്ദേഹം നിർമ്മിച്ചു. അതിൽ 100 വലിയ പാലങ്ങൾ വെറും 400 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. നാല് പതിറ്റാണ്ട് പഴക്കമുള്ള പി.ഡബ്ല്യു.ഡി (PWD) സംവിധാനത്തെ അദ്ദേഹം പരിഷ്കരിച്ചു. സുതാര്യത ഉറപ്പാക്കാൻ 'ഇ-ടെൻഡർ' സംവിധാനം നടപ്പിലാക്കിയത് അദ്ദേഹമാണ് എന്നും രാഹുൽ പറയുന്നു.

പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെ തകർന്നുപോയ ഒന്നല്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഈ സർക്കാരിന്റെ കാലത്തെ കൂളിമാട് പാലം തകർന്നത് പോലെയോ ദേശീയപാത ഇടിഞ്ഞുവീണത് പോലെയോ പാലാരിവട്ടത്തിന് ഒന്നും സംഭവിച്ചിട്ടില്ല. "ഇടത് കള്ളപ്രചരണത്തിന്റെ ഭാരത്തെ അതിജീവിച്ച് ഇന്നും അവിടെ സ്ഥിതി ചെയ്യുന്നത് ഇബ്രാഹിംകുഞ്ഞിന്റെ കാലത്ത് നിർമ്മിക്കപ്പെട്ട അതേ പാലം തന്നെയാണ്. പലകുറി അദ്ദേഹം ആവശ്യപ്പെട്ടിട്ടും ഭാരപരിശോധന നടത്താതെ അഴിമതിയുടെ ഭാരം ഇടത് പക്ഷവും ചില മാധ്യമപ്രവർത്തകരും അദ്ദേഹത്തിന്റെ തോളിൽ വെച്ചുകൊടുത്തത് വലിയ അനീതിയാണ്." - രാഹുൽ കുറിച്ചു.

മികവാർന്ന റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിലൂടെയും പി.ഡബ്ല്യു.ഡിയിൽ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങളിലൂടെയുമാണ് ഇബ്രാഹിംകുഞ്ഞ് ഓർത്തിരിക്കപ്പെടേണ്ടതെന്നും അതാണ് അദ്ദേഹത്തോട് ചെയ്യേണ്ട കാവ്യനീതി എന്നും പറഞ്ഞാണ് രാഹുൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com