കോൺഗ്രസിന്റെ രഹസ്യ യോഗം: 'സസ്പെൻഷനിലായിക്കഴിഞ്ഞാൽ ഞാൻ വേറെ പാർട്ടിയാണോ?- രാഹുൽ മാങ്കൂട്ടത്തിൽ | Rahul Mamkootathil

കണ്ണാടിയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന കോൺഗ്രസ് യോഗത്തിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
Rahul Mamkootathil
Published on

പാലക്കാട്: കണ്ണാടിയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന കോൺഗ്രസ് യോഗത്തിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ലൈംഗീകാരോപണത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, താൻ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും പരിചമുള്ള ആളുകളെ കാണുക മാത്രമാണ് ചെയ്തതെന്നുമാണ് രാഹുലിന്റെ പ്രതികരണം. (Rahul Mamkootathil)

'സസ്പെൻഷനിലായിക്കഴിഞ്ഞാൽ ഞാൻ വേറെ പാർട്ടിയാണോ? യോഗം നടന്നാലല്ലേ മറുപടി പറയാൻ പറ്റൂ. നടക്കാത്ത യോഗത്തേപ്പറ്റി എങ്ങനെ മറുപടി പറയാൻ സാധിക്കും. യോഗത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ പങ്കെടുത്തു എന്ന് പറയും. കൈ ചിഹ്നത്തിൽ ജയിച്ച എംഎൽഎയാണ്. ഐക്യജനാധിപത്യ മുന്നണിയുടെ എല്ലാ സ്ഥാനാർഥികളും ജയിക്കണമെന്ന് താത്പര്യമുള്ളയാളാണ്. അതിനുവേണ്ടി എന്നെക്കൊണ്ട് കഴിയുന്ന എല്ലാ പ്രവർത്തനങ്ങളും നടത്തും. പാലക്കാട് എന്നല്ല, ഏത് സ്ഥലത്തുവെച്ചും നല്ല യുഡിഎഫുകാരെ കണ്ടാൽ എന്തായി തിരഞ്ഞെടുപ്പ് എന്ന് ചോദിക്കും', രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സ്ഥാനാർഥികളെ ജയിപ്പിക്കാൻ തനിക്ക് ചെയ്യാൻ പറ്റുന്ന മുഴുവൻ കാര്യങ്ങളും തൻ ചെയ്യുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

കോൺഗ്രസിന്റെ രഹസ്യ യോഗമായിരുന്നു നടന്നതെന്നാണ് റിപ്പോർട്ട്. കണ്ണാടി പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയായത്. സസ്പെൻഷനിലുള്ള രാഹുൽ പാർട്ടി യോഗങ്ങളിൽനിന്ന് മാറിനിൽക്കുമെന്നായിരുന്നു നേതൃത്വം അറിയിച്ചിരുന്നത്. ഇതുവരെ രാഹുലിന്റെ സസ്പെൻഷൻ കോൺഗ്രസ് പിൻവലിച്ചിട്ടില്ല. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ രാഹുൽ പങ്കെടുത്തതായുള്ള വാർത്ത പുറത്തുവന്നത്.

ലൈംഗികാരോപണത്തിനു പിന്നാലെ ദിവസങ്ങളോളം പുറത്തിറങ്ങാതിരുന്ന രാഹുൽ ഇപ്പോൾ മണ്ഡലത്തിൽ നടക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. സസ്പെൻഷനിലിരിക്കുമ്പോഴും കോൺഗ്രസ് യോഗങ്ങളിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും രാഹുൽ മണ്ഡലത്തിൽ സജീവമാണ്.

Related Stories

No stories found.
Times Kerala
timeskerala.com