പത്തനംതിട്ട : ആരോപണങ്ങളിൽ കുടുങ്ങി താൻ എം എൽ എ സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. താൻ അടിസ്ഥാനപരമായി ഒരു പാർട്ടി പ്രവർത്തകൻ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. (Rahul Mamkootathil on the allegations)
താൻ കാരണം കോൺഗ്രസ് പ്രവർത്തകർ തല കുനിക്കേണ്ടി വരില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. പാർട്ടിയെ പ്രതിസന്ധിയിൽ ആക്കില്ല എന്നാണ് രാഹുൽ പറഞ്ഞത്. തനിക്കെതിരായി ആരോപണമുയർത്തിയ അവന്തിക എന്ന ട്രാൻസ്‌വുമണുമായി മാധ്യമപ്രവർത്തകൻ നടത്തിയ സംഭാഷണം അദ്ദേഹം പുറത്തുവിട്ടു.
രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് അവർ പറയുന്നത്. ഈ ഫോൺ കോൾ ഉണ്ടായത് ആഗസ്റ്റ് ഒന്നിനാണ് എന്നും ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്നും അറിയിച്ച് രാഹുൽ വാർത്താസമ്മേളനം അവസാനിപ്പിച്ചു. അതേസമയം, പാർട്ടിക്കുള്ളിൽ നിന്ന് തന്നെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജിക്കായി മുറവിളി ഉയരുന്നുണ്ട്. രാജി വയ്ക്കുമെന്ന സൂചനയൊന്നും അദ്ദേഹം നൽകിയിട്ടില്ല.