രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പിടിച്ചെടുത്തത് നിർണ്ണായക തെളിവുകൾ | Rahul Mamkootathil rape case
പാലക്കാട്: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു. എം.എൽ.എയെ കസ്റ്റഡിയിലെടുത്ത പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ നിന്ന് തന്നെയാണ് ഫോൺ കണ്ടെത്തിയത്. കേസിലെ നിർണ്ണായക വിവരങ്ങൾ ഫോണിലുണ്ടെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം (SIT).
രാഹുൽ മാങ്കൂട്ടത്തിൽ താമസിച്ചിരുന്ന ഹോട്ടലിലെ 2002-ാം നമ്പർ മുറിയിൽ നടത്തിയ പരിശോധനയിലാണ് ഫോൺ ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 12:30-ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം ഇവിടെയെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അന്ന് തന്നെ മുറി സീൽ ചെയ്തിരുന്നു. പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രാഹുലിനെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
കസ്റ്റഡിയിലുള്ള എം.എൽ.എ അന്വേഷണത്തോട് പൂർണ്ണമായി നിസ്സഹകരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. തന്റെ മൊബൈൽ ഫോൺ കൈമാറാനോ പാസ്‌വേഡ് വെളിപ്പെടുത്താനോ അദ്ദേഹം തയ്യാറായിരുന്നില്ല. കൂടാതെ, കേസുമായി ബന്ധപ്പെട്ട ലാപ്ടോപ്പ് എവിടെയാണെന്ന കാര്യത്തിലും അദ്ദേഹം മൗനം തുടരുകയാണ്. കണ്ടെടുത്ത മൊബൈൽ ഫോൺ ഉടൻ തന്നെ ശാസ്ത്രീയ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറും.
നിലവിൽ രാഹുലിനെതിരെ മൂന്ന് ബലാത്സംഗക്കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹോട്ടലുകളിലും മറ്റും എത്തിച്ച് തെളിവെടുപ്പ് തുടരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
