

പാലക്കാട്: ലൈംഗിക പീഡനം, നിർബന്ധിത ഗർഭഛിദ്രം എന്നീ പരാതികളിൽ അന്വേഷണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പുതിയ ആരോപണങ്ങളുമായി പരാതിക്കാരിയായ യുവതിയുടെ ഭർത്താവ്. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബജീവിതം തകർത്തുവെന്ന് ഇയാൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിൽ പറയുന്നു.
വിഷയത്തിൽ യഥാർത്ഥത്തിൽ വഞ്ചിക്കപ്പെട്ടതും പ്രയാസം അനുഭവിക്കുന്നതും താനാണെന്നും യുവതിയുടെ ഭർത്താവ് പരാതിയിൽ ഉന്നയിക്കുന്നു.ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് താൻ ഇടപെട്ടതെന്ന രാഹുലിന്റെ വിശദീകരണം ഭർത്താവ് പൂർണ്ണമായും തള്ളി. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ തന്നെ ഒരിക്കൽ പോലും ബന്ധപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് കാര്യങ്ങൾ നടന്നതെന്നും രാഹുൽ തന്റെ കുടുംബത്തിലേക്ക് അനാവശ്യമായി ഇടപെടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.യുവതിയുടെ പരാതിയെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം (അശാസ്ത്രീയ രീതിയിൽ ഗുളികകൾ നൽകി) തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിരുന്നു. നിലവിൽ ഈ കേസിൽ രാഹുൽ ഒളിവിലാണെന്ന് റിപ്പോർട്ടുകളുണ്ട്. കേസിലെ രണ്ടാം പരാതിയുമായി ബന്ധപ്പെട്ട് രാഹുലിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും പുതിയ വെളിപ്പെടുത്തലുകൾ അദ്ദേഹത്തിന് കൂടുതൽ തിരിച്ചടിയാകാനാണ് സാധ്യത.