ആലപ്പുഴ: ബലാത്സംഗക്കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ മാവേലിക്കര സബ് ജയിലിലടച്ചു. 26/2026 എന്ന നമ്പറിലാണ് രാഹുലിനെ ജയിലിൽ തടവുകാരനായി രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാമതൊരു ബലാത്സംഗക്കേസിലാണ് ഇപ്പോൾ രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് അന്വേഷണ ഉദ്യോഗസ്ഥരോട് രാഹുൽ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള വ്യക്തമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. താൻ ജയിലിലായാലും സ്വതന്ത്രനായി മത്സരിച്ചാലും ജയിക്കുമെന്നും ഉദ്യോഗസ്ഥരോട് രാഹുൽ വ്യക്തമാക്കി.
ശനിയാഴ്ച അർധരാത്രി പാലക്കാട്ടെ ഹോട്ടലിൽ നിന്നാണ് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ച മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിങ്കളാഴ്ച വീണ്ടും ജാമ്യഹർജി നൽകാനാണ് രാഹുലിന്റെ നിയമസഹായ സംഘത്തിന്റെ തീരുമാനം.