പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ മൂന്നാമത്തെ പീഡനക്കേസിലെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ശനിയാഴ്ച വിധി പറയും. വ്യാഴാഴ്ച നടന്ന വിശദമായ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് സെഷൻസ് ജഡ്ജി എൻ. ഹരികുമാർ വിധി പറയുന്നത് മാറ്റിവെച്ചത്.
തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുൽ സെഷൻസ് കോടതിയെ സമീപിച്ചത്. അഡ്വ. ശേഖർ ജി. തമ്പി, അഡ്വ. അഭിലാഷ് ചന്ദ്രൻ എന്നിവരാണ് പ്രതിഭാഗത്തിനായി ഹാജരായത്.
പരാതിക്കാരിയുമായുള്ള ബന്ധം പരസ്പര സമ്മതപ്രകാരമുള്ളതായിരുന്നു.രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നും പരാതിക്കാരി വിവാഹിതയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു.ഹോട്ടൽ മുറി ബുക്ക് ചെയ്തത് പരാതിക്കാരി തന്നെയാണെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു.
അതേസമയം , സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന ആരോപണം. പീഡനത്തെത്തുടർന്ന് യുവതി ഗർഭിണിയായെന്നും പിന്നീട് ഗർഭഛിദ്രം നടന്നുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
എംഎൽഎ എന്ന നിലയിൽ സ്വാധീനമുള്ള പ്രതി തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു.
ജനുവരി 11-ന് പാലക്കാട്ടെ ഹോട്ടലിൽ വെച്ച് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത രാഹുൽ നിലവിൽ റിമാൻഡിലാണ്. മറ്റ് രണ്ട് പീഡനക്കേസുകൾ കൂടി ഇദ്ദേഹത്തിനെതിരെ നിലവിലുണ്ട്. ശനിയാഴ്ചത്തെ വിധി രാഹുലിന് രാഷ്ട്രീയമായും വ്യക്തിപരമായും ഏറെ നിർണ്ണായകമാണ്.