

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട പോലീസ് റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കോടതി വാദം കേൾക്കുക.കോട്ടയം സ്വദേശിനിയെ തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചുവെന്ന കേസിലാണ് കഴിഞ്ഞ ജനുവരി 11 മുതൽ രാഹുൽ റിമാൻഡിൽ കഴിയുന്നത്. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്.
അതേസമയം , രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്ന് ആരോപിക്കുന്ന സത്യവാങ്മൂലം ഒന്നാം പീഡനക്കേസിലെ അതിജീവിത ഹൈക്കോടതിയിൽ സമർപ്പിച്ചു. ഗർഭിണിയായിരുന്ന സമയത്ത് പോലും തന്നെ മൃഗീയമായി പീഡിപ്പിച്ചുവെന്ന് അതിജീവിത വെളിപ്പെടുത്തി.
ഭീഷണിപ്പെടുത്തി തന്റെ നഗ്നദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും അവ ഇപ്പോഴും രാഹുലിന്റെ ഫോണിലുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ജാമ്യം ലഭിച്ചാൽ ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന ഭയവും അതിജീവിത പങ്കുവെച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ഒരു 'സാഡിസ്റ്റ്' ആണെന്നും മനോവൈകൃതമുള്ളയാളാണെന്നും അതിജീവിത ആരോപിച്ചു.രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് അതിജീവിത കോടതിയിൽ ഈ ഗൗരവതരമായ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.