

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്ക് പരാതി. വാമനപുരം എം.എൽ.എ ഡി.കെ. മുരളിയാണ് സ്പീക്കർ എ.എൻ. ഷംസീറിന് നോട്ടിസ് നൽകിയത്. സഭയുടെ അന്തസ്സിനു നിരക്കാത്ത പ്രവൃത്തികൾ ചെയ്ത രാഹുലിനെ നിയമസഭയിൽ നിന്ന് ഒഴിവാക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
എം.എൽ.എമാർ ആരെങ്കിലും പരാതി നൽകിയാൽ അക്കാര്യത്തിൽ സഭാ ചട്ടപ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കാമെന്ന് സ്പീക്കർ രാവിലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡി.കെ. മുരളി നോട്ടിസ് നൽകിയത്. ഇത്തരം വിഷയങ്ങളിൽ സഭയ്ക്ക് മുൻകാല അനുഭവങ്ങൾ ഇല്ലെന്നും, എത്തിക്‌സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും സ്പീക്കർ പറഞ്ഞു.
"സ്ത്രീകളെ ബഹുമാനിക്കാൻ ആദ്യം പഠിപ്പിക്കണം. സമൂഹം ഇത്തരം പ്രവണതകളെ ബഹിഷ്‌കരിക്കണം. ജാമ്യം ലഭിച്ചാൽ രാഹുൽ സഭയിൽ എത്തണമോ എന്നത് കോൺഗ്രസാണ് തീരുമാനിക്കേണ്ടത്," സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.
ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ഒരാൾ എം.എൽ.എ സ്ഥാനത്ത് തുടരുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും, നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം കർശനമായ നിലപാട് സ്വീകരിക്കുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതിന് പിന്നാലെ രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്കാണ് ഈ നീക്കം വഴിതുറന്നിരിക്കുന്നത്.