

പത്തനംതിട്ട: പീഡനക്കേസിൽ പ്രതിയായി റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യഹർജിയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. വെള്ളിയാഴ്ച കോടതിയിൽ നടന്ന നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
പ്രതി ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള വ്യക്തിയാണെന്നും ജാമ്യം നൽകിയാൽ പരാതിക്കാരിയെയും സാക്ഷികളെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. വിദേശത്തുള്ള പരാതിക്കാരി പ്രതിയെ ഭയന്നാണ് നാട്ടിലേക്ക് വരാത്തതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് നടന്നതെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ഇതിന് തെളിവായി രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റുകളും ശബ്ദരേഖകളും പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു.
നിലവിൽ സസ്‌പെൻഷനിലുള്ള എം.എൽ.എയുടെ ജാമ്യകാര്യത്തിൽ കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്. ജാമ്യം നിഷേധിക്കപ്പെട്ടാൽ അത് എം.എൽ.എയ്ക്കും പ്രതിപക്ഷത്തിനും വലിയ തിരിച്ചടിയാകും.