

തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യഹർജി തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി. അടച്ചിട്ട കോടതി മുറിയിൽ (In-camera proceedings) നടന്ന വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ജഡ്ജി അരുന്ധതി ദിലീപ് ജാമ്യം നിഷേധിച്ച് ഉത്തരവിട്ടത്.
അതിജീവിതയുടെ സ്വകാര്യതയും വിവരങ്ങളും സംരക്ഷിക്കപ്പെടണമെന്ന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (APP) എം.ജി. ദേവിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറും ഈ തീരുമാനത്തോട് യോജിച്ചു. തുടർന്ന് കേസുമായി ബന്ധമില്ലാത്ത എല്ലാവരെയും കോടതി മുറിയിൽ നിന്ന് പുറത്താക്കിയ ശേഷമാണ് അതീവ രഹസ്യമായി വാദം നടന്നത്.കഴിഞ്ഞ ദിവസം നടന്ന ദീർഘമായ വാദത്തിനൊടുവിലാണ് ശനിയാഴ്ച വിധി വന്നത്.
രാഷ്ട്രീയ പ്രേരിതമായ കേസെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദമെങ്കിലും കോടതി ഇത് കണക്കിലെടുത്തില്ല.
ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജില്ലാ സെഷൻസ് കോടതിയെ സമീപിക്കാനാണ് സാധ്യത. നിലവിൽ അദ്ദേഹം റിമാൻഡിൽ തുടരും.